മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചു

ഷില്ലോങ്ങ്: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം(84) അന്തരിച്ചു. ഷില്ലോംഗ് ഐഐഎമ്മില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ അബ്ദുള്‍ കലാമിനെ ഉടന്‍ ഷില്ലോംഗിലെ ഭവാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീഴ്ചയ്ക്കുശേഷം കലാമിന് ഹൃദയായാഘമുണ്ടായതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. വൈകിട്ട് ആറരയ്ക്കാണ് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം തുടങ്ങിയത്. ഏതാണ്ട് 20 മിനുട്ടിനുശേഷം കലാം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയെലെത്തിച്ചയുടനെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മേഘാലയാ മന്ത്രിമാരടക്കമുള്ള ഉന്നതതലസംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമൊക്കെയായിരുന്ന കലാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാന്‍ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം.
2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന്‍ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്.

1931 ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു വള്ളക്കാരനായ ജൈനുല്‍ലാബുദ്ദീനിന്റെയും ആഷിയാമ്മയുടെയും മകനായി ജനനം. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്. ഷ്വാട്‌സ് മെട്രിക്യുലേഷന്‍ സ്‌കൂളിലെ പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത കലാം പിന്നീട് ഉപരിപഠനത്തിന് ചെന്നെ ഐ.ഐ.ടി.യില്‍ ചേര്‍ന്നു. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി ലഭിച്ചു. അവിടെ വച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോനാണ് കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. റോക്കറ്റ് എഞ്ചിനീയറാകാന്‍ കലാമിനെ പ്രേരിപ്പിച്ചതും മേനോനാണ്. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആസ്പത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: