കലാമിനൊപ്പമുള്ള അവസാന നിമിഷങ്ങള്‍ പങ്കുവച്ച് ശ്രിജന്‍പാല്‍ സിങ്

 

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ശ്രീജന്‍ പാല്‍ സിംഗ്. കലാമിന്റെ സഹായിയായിരുന്നു ശ്രിജന്‍പാല്‍ സിങ്. കലാമിനൊപ്പമുള്ള അവസാന നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ശ്രിജന്‍.

ശ്രിജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘കലാമിനൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല. അദ്ദേഹത്തിനൊപ്പമുള്ള ഈ ഓര്‍മകള്‍ ജീവിതത്തിലെ ഏറ്റവും മഹത്തായ ഓര്‍മകളാണ്.
എട്ട് മണിക്കൂര്‍ മുമ്പാണ് അവസാനമായി ഞങ്ങള്‍ സംസാരിച്ചത്. ഉറക്കം എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. ആ ഓര്‍മകള്‍ എന്നെ വികാരാധീനനാക്കുന്നു. ജൂലൈ 27ന് 12 മണിക്കാണ് ഞങ്ങള്‍ ഒരുമിച്ചുള്ള ദിവസം ആരംഭിച്ചത്. ഗുവാഹത്തിയിലേക്കുള്ള വിമാനത്തില്‍ അദ്ദേഹം 1എ സീറ്റിലും ഞാന്‍ 1സി സീറ്റിലുമാണ് ഇരുന്നത്. കറുത്ത നിറത്തിലുളള സ്യൂട്ട് ധരിച്ചാണ് അദ്ദേഹം എത്തിയത്. സ്യൂട്ടിന്റെ നിറം നല്ലതാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല ഞാന്‍ അദ്ദേഹത്തെ അവസാനമായി കാണുന്നത് ആ വസ്ത്രത്തിലാണെന്ന്.

മണ്‍സൂണ്‍ കാലാവസ്ഥയില്‍ രണ്ടര മണിക്കൂര്‍ നീണ്ട വിമാനയാത്ര. ടര്‍ബ്യൂലന്‍സ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹം അതില്‍ മാസ്റ്റര്‍ ആയിരുന്നു. വിമാനത്തിന്റെ ഇളകലില്‍ അസ്വസ്ഥനായിരുന്ന എന്നോട് വിമാനത്തിന്റെ ജനല്‍ പാളി അല്‍പ്പമൊന്ന് നീക്കിയ ശേഷം അദ്ദേഹം പറഞ്ഞു ഇനി നിങ്ങള്‍ക്ക് പേടിക്കേണ്ടതില്ല.
തുടര്‍ന്ന് ഐഐഎം ഷില്ലോങിലേക്ക് രണ്ടര മണിക്കൂര്‍ കാര്‍ യാത്ര. ഈ യാത്രക്കിടെ പല വിഷയങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ അവസാന യാത്രയിലെ അവസാന ഓര്‍മകള്‍.

പ്രധാനമായും മൂന്ന് കാര്യങ്ങളെ കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. ആദ്യം പഞ്ചാബിലെ ഭീകരാക്രമണത്തെ കുറിച്ച്. ആക്രമണത്തില്‍ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു അദ്ദേഹം. നിരപരാധികളുടെ ജീവനാണ് നഷ്ടമായത്. ക്രിയേറ്റിങ് ലിവബിള്‍ പ്ലാനെറ്റ് എര്‍ത്ത് എന്ന വിഷയത്തിലായിരുന്നു അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചതെങ്കിലും പഞ്ചാബ് ആക്രമണവും അദ്ദേഹം ഇതിനൊപ്പം ചേര്‍ത്തിരുന്നു. ഭൂമിയുടെ നിലനില്‍പ്പിന് മനുഷ്യനിര്‍മിത ശക്തികളായ മലിനീകരണം പോലുള്ളവ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് കലാം പറഞ്ഞു. ഈ അക്രമവും മലിനീകരണവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും നീണ്ടുപോയാല്‍ നമുക്ക് ഭൂമി വിടേണ്ടിവരും. ഇതേ രീതിയില്‍ പോയാല്‍ 30 വര്‍ഷത്തോളമേ ഇങ്ങനെ നിലനില്‍ക്കാന്‍ കഴിയൂ. ഇതിനെതിരെ നിങ്ങള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ, ഇതു നിങ്ങളുടെ ഭാവിലോകമാണ്, അദ്ദേഹം ഓര്‍മിപ്പിച്ചു.

ഞങ്ങളുടെ രണ്ടാമത്തെ ചര്‍ച്ച കുറച്ചു കൂടി ദേശിയത നിറഞ്ഞതായിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് പ്രക്ഷുബ്ധമായതിനെ കുറിച്ചും അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. എന്റെ കാലഘട്ടത്തില്‍ രണ്ട് സര്‍ക്കാരുകളെ ഞാന്‍ കണ്ടു. അതിനു ശേഷം കൂടുതല്‍ കണ്ടു. ഇത്തരം പ്രക്ഷുബ്ധങ്ങള്‍ ശരിയല്ല. വികസനത്തിലധിഷ്ഠിത രാഷ്ട്രീയമാണ് ഉറപ്പു വരുത്തേണ്ടത് അദ്ദേഹം പറഞ്ഞു.

അതിനു ശേഷം ഷില്ലോങ് ഐഐഎമ്മിലെ വിദ്യാര്‍ഥികള്‍ക്ക് അസൈന്‍മെന്റായി നല്‍കാന്‍ കഴിയുന്ന ഒരു ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിനെ കാര്യക്ഷമമാക്കുന്ന മൂന്നു വഴികളെ കുറിച്ച് പറയാനായിരുന്നു അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെടാനിരുന്നത്. എന്നാല്‍ ഇതിനായി എനിക്കൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരോടെങ്ങനെ ഇക്കാര്യം ആവശ്യപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.

ഇതിനുളള പരിഹാരങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ അഡ്വാന്റേജ് ഇന്ത്യയില്‍ ഉള്‍പ്പെടുത്തണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു.
മൂന്നാമതായി, അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പെരുമാറ്റത്തെക്കുറിച്ചാണ് പറയാനുള്ളത്. ആറ്, ഏഴ് കാറുകളുടെ അകമ്പടിയോടെയാണ് ഞങ്ങള്‍ പോയത്. രണ്ടാമത്തെ കാറിലായിരുന്നു ഞങ്ങള്‍. മുന്നില്‍ പോകുന്ന തുറന്ന ജിപ്‌സിയില്‍ മൂന്നു സൈനികരുണ്ടായിരുന്നു. അതിലൊരാള്‍ തോക്കുമായി എഴുന്നേറ്റ് നില്‍ക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇയാള്‍ ഇങ്ങനെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കലാം അദ്ദേഹത്തോട് ഇരിക്കാന്‍ വയര്‍ലെസ് മെസേജ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് ഒരു ശിക്ഷപോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ ആ സൈനികനെ തനിക്കു കാണമെന്ന് കലാം ആവശ്യപ്പെട്ടു. ഷില്ലോങ്ങിലെത്തിയപ്പോള്‍ സൈനികനെ കലാമിന്റെ അടുത്തെത്തിച്ചു. സൈനികന് ഷേക്ക്ഹാന്‍ഡ് നല്‍കിയ ശേഷം തനിക്കു വേണ്ടി ഇത്രയും നേരം ബുദ്ധിമുട്ടിച്ചതിനു അദ്ദേഹം ക്ഷമചോദിച്ചു. ക്ഷീണമാണെങ്കില്‍ ഭക്ഷണം കഴിക്കാനും അദ്ദേഹം സൈനികനെ ക്ഷണിച്ചു. കലാമിന്റെ ഈ പെരുമാറ്റം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു.
അതിനു ശേഷം അദ്ദേഹം പ്രബന്ധം അവതരിപ്പിക്കാന്‍ പോയി. പ്രബന്ധം അവതരിപ്പിക്കുന്നതിന് താമസിച്ചുചെല്ലാന്‍ അദ്ദേഹം തയാറായിരുന്നില്ല. വിദ്യാര്‍ഥികളെ ഒരിക്കലും കാത്തിരിപ്പിക്കരുതെന്നു അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കോട്ടില്‍ ഞാന്‍ മൈക്ക് ഘടിപ്പിച്ചപ്പോള്‍ അദ്ദേഹം തമാശയായി പറഞ്ഞു, ഫണ്ണി ഗയ്! ആര്‍ യു ഡൂയിങ് വെല്‍? ഇതായിരുന്നു അദ്ദേഹം എന്നോട് അവസാനമായി സംസാരിച്ചത്.

പ്രബന്ധം അവതരിപ്പിക്കാനായി എഴുന്നേറ്റ അദ്ദേഹം രണ്ടു മിനിറ്റ് സംസാരിച്ചു. പെട്ടെന്നു നിര്‍ത്തി. ഞാന്‍ അദ്ദേഹത്തിന്റെ പിന്നില്‍ തന്നെയായിരുന്നു. നോക്കുമ്പോള്‍ അദ്ദേഹം തളര്‍ന്നു വീഴുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ എത്തി. എന്റെ ഒരു കൈയിലായിരുന്നു അദ്ദേഹത്തിന്റെ ശിരസ്സ്. കൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്നു. എന്റെ വിരലില്‍ പിടിച്ചിരുന്നു. അദ്ദേഹം ഒരു വാക്കു പോലും പറഞ്ഞില്ല. ഒരു വേദനയും പ്രകടിപ്പിച്ചില്ല. അഞ്ചുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ അദ്ദേഹവുമായി ആശുപത്രിയിലെത്തി. എനിക്ക് ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തു. അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ അദ്ദേഹം ഈ ലോകത്തുനിന്നു പോയെന്നു മനസ്സിലായി. ഒരിക്കല്‍ക്കൂടി ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ചു…
ഒരുപാട് ചിന്തകള്‍ എന്റെ മനസിലൂടെ കടന്നു പോയി.

പലപ്പോഴും അദ്ദേഹം എന്നോട് ചോദിക്കുമായിരുന്നു, നിങ്ങള്‍ യുവാവാണ്. എന്തിന്റെ പേരിലാണ് നിങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത്!? എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു ആദ്യം താങ്കള്‍ പറയൂ എന്തിന്റെ പേരിലാണ് താങ്കള്‍ ഓര്‍മിക്കപ്പെടേണ്ടത്!?രാഷ്ട്രപതി, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, മിസൈല്‍ മാന്‍ എന്ത്? എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം എന്നെ ആശ്ചര്യപ്പെടുത്തി. അധ്യാപകന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അദ്ദേഹം അറിയപ്പെടാന്‍ ആഗ്രഹിച്ച അധ്യാപകനായിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും. ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങിയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
ഞങ്ങള്‍ ഒരുമിച്ചുള്ള ഉച്ചഭക്ഷണവും അത്താഴവും ഇനി ഓര്‍മകളാണ്, മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ അദ്ദേഹം എന്നെ അതിശയിപ്പിച്ചതും ഇനി ഓര്‍മയാണ്. അദ്ദേഹം തന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും പഠിപ്പിച്ച പാഠങ്ങള്‍ ഇനി ഓാര്‍മയാണ്, ഞങ്ങളുടെ യാത്രകളും, ഞങ്ങളുടെ ചര്‍ച്ചകളും എല്ലാം ഇനി ഓര്‍മയാണ്
അദ്ദേഹം ഓര്‍മയായി , എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ ഇനിയും ജീവിക്കും’
കടപ്പാടോടെ വിദ്യാര്‍ഥി,
ശ്രിജന്‍പാല്‍ സിങ്

-എജെ-

Share this news

Leave a Reply

%d bloggers like this: