സല്യൂട്ട് വിവാദം: ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രിയെ കണ്ടു വിശദീകരണം നല്‍കി

 
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങിന്റെ വിശദീകരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നല്‍കി. ബോധപൂര്‍വ്വം അനാധരവ് കാണിച്ചിട്ടില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഋഷിരാജ് സിങ് മന്ത്രിയെ അറിയിച്ചു.

സല്യൂട്ട് വിവാദത്തില്‍ എഡിജിപി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാതിരുന്നതില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. നേരത്തെ സംഭവത്തില്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും എന്നാല്‍ സംഭവത്തിലെ അദ്ദേഹത്തിന്റെ വിശദീകരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സിങ് സന്ദര്‍ഭോചിതമായി പെരുമാറേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഋഷിരാജ് സിംഗിന്റെ വിശദീരണവും ഡിജിപി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരിക്കുന്ന ഋഷിരാജ് സിങ് ഗൗനിക്കാതിരുന്ന സംഭവവമാണ് വിവാദമായിരുന്നത്. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണ്ടതില്ല. ദേശീയ ഗാനം ആലപിക്കുമ്പോഴാണ് എഴുനേറ്റ് നില്‍ക്കേണ്ടത്. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിയായതിനാല്‍ മറ്റു അതിഥികളെ സ്വീകരിക്കേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു സിങ്ങിന്റെ നിലപാട്.

സംഭവത്തില്‍ എഡിജിപിക്കെതിരേ നടപടി വേണമെന്നു സര്‍ക്കാരിലും യുഡിഎഫിലും ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് സിങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: