ഒമാനില്‍ പൊതുമാപ്പ് കാലാവധി മൂന്നുമാസത്തേക്ക് നീട്ടി

 
മസ്‌ക്കറ്റ്: രേഖകളില്ലാതെ അനധികൃതമായി കഴിയുന്ന വിദേശികളെ നാട്ടിലെത്തിക്കാനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇന്ന് പൂര്‍ത്തിയാകേണ്ടിയിരുന്ന കാലാവധി ഒക്‌ടോബര്‍ അവസാനം വരെ നീട്ടിയതായി മാനവവിഭവ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊതുമാപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് മൂന്ന് മാസത്തേക്ക് കൂടി പൊതുമാപ്പ് കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് മൂന്നിന് പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഇതുവരെ 14,000 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവരില്‍ 8,000 പേരെ നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

6,000 പേരുടെ അപേക്ഷ പരിഗണിച്ചുവരികയാണെന്നും രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എംബസികളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംബസികളിലും തൊഴില്‍ മന്ത്രാലയങ്ങളിലും ഈ ആഴ്ച വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നല്ലൊരു ശതമാനം അനധികൃത താമസക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതും ബംഗ്ലാദേശ്, പാകിസ്ഥാന്‍ എംബസികള്‍ പൊതുമാപ്പ് നീട്ടണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ച സഹാചര്യത്തിലുമാണ് കാലവധി നീട്ടിയത്. 2015 ജനുവരി മുതല്‍ മേയ് വരെ മാത്രം 57,000 പേര്‍ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: