പാര്‍ലമെന്‍റിലെ സസ്പെന്‍ഷന്‍ …പ്രതിപക്ഷത്തിന്‍റെ മുനയൊടിക്കാന്‍ ഗുജറാത്ത് മോഡലെന്ന് സംശയം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് മുനയൊടിക്കാന്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണം പാര്‍ലമെന്റിലുമെന്ന് സംശയം. മോദി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ എന്ന ആയുധം ഉപയോഗിച്ചായിരുന്നു ചര്‍ച്ചകളില്‍ഇടപെടുന്നതും വിവാദ വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെടുന്നതും തടഞ്ഞ് കൊണ്ടിരുന്നത്. സമാനമായ നടപടിയാണ് പാര്‍ലമെന്റില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തിയതിന് ഇരുപത്തിയേഴ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ബിജെപി ചെയ്തിരിക്കുന്നത്.

ലളിത് മോദിയ്ക്ക് യാത്ര അനുമതിയ്ക്ക് വിദേശകാര്യമന്ത്രി ഇടപെട്ടന്ന ആരോപണമുയര്‍ത്തി കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിപക്ഷ ബഹളം തുടരുകയാണ്. ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ആരോപണം നേരിടുന്ന സുഷമ സ്വരാജും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലന്നെ നിലപാടിലാണ് പ്രതിപക്ഷം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന ആവശ്യത്തോട് ആദ്യം പ്രതികരിക്കാതിരുന്ന ബിജെപി ആവശ്യമെങ്കില്‍ പ്രതികരിക്കാമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. മറുപടി പറയാന്‍ വിസമ്മതിച്ചിരുന്നു സുഷമ ഇന്ന് പാര്‍ലമെന്റില്‍ നാടകീയമായി എഴുന്നേറ്റ് നിന്ന് താന്‍ ലളിത് മോദിയെ സഹായിച്ചില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ ചട്ടപ്രകാരം മന്ത്രിയുടെ വിശദീകരണം നല്‍കലായി കാണാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ സസ്‌പെന്‍ഷന്‍ നല്‍കുന്നത് ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നതാണ്. ഇതാകട്ടെ പുതിയ ഗുജറാത്ത് സര്‍ക്കാരും തുടരുന്നുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളമാണ് ഈ വര്‍ഷം തന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ കാരണമായിരുന്നത്. കഴിഞ്ഞ വര്‍ഷം പരുത്തി കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചത് പോരെന്ന് പറഞ്ഞ് ബഹള ംവെച്ചതിനും കോണ്‍ഗ്രസിന്റെ ഇരുപത് എംഎല്‍എമാരെ ഗുജറാത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2013ല്‍ കുടിവെള്ളപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട സഭയില്‍ ബഹളമുണ്ടാക്കിയതിനും എംഎല്‍എമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബഡ്ജറ്റിന്റെ അവസാന ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടായത്. ഇതാകട്ടെ മോദി സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്ന അന്ന് തന്നെയായിരുന്നു. അന്ന് പക്ഷേ പ്രതിപക്ഷ നേതാവുള്‍പ്പടെ രണ്ട് പേരെ മാറ്റി നിര്‍ത്തിയാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. വിലക്കയറ്റത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍ നല്‍കിയത് കാരണമായി പറഞ്ഞിരുന്നത്.

Share this news

Leave a Reply

%d bloggers like this: