മലയോര മേഖലയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം

 

തിരുവനന്തപുരം: മലയോര മേഖലയില്‍ കയ്യേറിയ ഭൂമികള്‍ക്ക് നിയമസാധുത നല്‍കി സംസ്ഥാന സര്‍ക്കാര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2005 ജൂണ്‍ ഒന്നുവരെ കയ്യേറിയ ഭൂമികള്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നാല് ഏക്കര്‍ വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് ഇതുവഴി നിമയമസാധുത ലഭിക്കും. നിയമസഭയില്‍ ചര്‍ച്ചപോലും നടത്താതെയാണ് സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.

2015 ജൂണ്‍ ഒന്നിന് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന എല്ലാ കയ്യേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കിയുള്ള വിജ്ഞാപനമാണ് 2015 ജൂലൈ നാലിന്റെ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍, ഏത് പുതിയ കയ്യേറ്റവും പത്ത് വര്‍ഷം മുമ്പുള്ളതാണെന്ന് സ്ഥാപിക്കാന്‍ കയ്യേറ്റക്കാര്‍ക്ക് എളുപ്പമാണ്. ഇതോടെ ഏറ്റവും പുതിയ കയ്യേറ്റങ്ങള്‍ പോലും പഴയതെന്ന് സ്ഥാപിച്ച് പട്ടയം നേടിയെടുക്കാനുള്ള സൗകര്യമാണ് പുതിയ ഭേദഗതിയൂലടെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഭൂനിയമത്തില്‍ വലിയ അട്ടിമറി നടത്തിയാണ്ഈ സര്‍ക്കാര്‍ വിജ്ഞാപനം.

പട്ടയ വിതരണം സംബന്ധിച്ച നിലവിലെ നിയമം തിരുത്തിയാണ് ഇപ്പോഴത്തെ ഭേദഗതി. ഇതോടെ ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലടക്കം റവന്യൂവനഭൂമികളില്‍ നടത്തിയ ഏക്കര്‍കണക്കിന് കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കും. മൂന്നാറിലടക്കമുള്ള കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളെയും ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ ചര്‍ച്ചപോലും കൂടാതെ പുറത്തിറക്കിയ വിജ്ഞാപനം.

തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് ചെയതതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാനുസൃതമായ മാറ്റമാണ് സര്‍ക്കാര്‍ വരുത്തിയിട്ടുള്ളതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജനോപകാരപ്രദമായ നടപടിയാണിത്. കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനല്ല, പകരം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കേണ്ടതില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിയോ മുന്നണിയോ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കും. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

വിജ്ഞാപനം പുറത്തുവന്നത് വാര്‍ത്തയായതോടെ സര്‍ക്കാരിനോട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വിശദീകരണം തേടി. റവന്യൂ മന്ത്രി അടുര്‍ പ്രകാശിനോട് ടെലഫോണിലാണ് സുധീരന്‍ വിവരങ്ങള്‍ ചോദിച്ചത്. ചട്ടങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. നിയമഭേദഗതി ദുരൂഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഭൂമാഫിയകളെ സഹായിക്കാനുള്ളതാണ് ഈ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആരോപിച്ചു.

2005 വരെയുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കുന്നതിലൂടെ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇടുക്കി എംപി ജോയസ് ജോര്‍ജ് പ്രതികരിച്ചു. കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടി ശരിയായ ഒന്നല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: