‘ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം’മേമന്റെ അവസാനവാക്കുകള്‍

 

മുംബൈ:’ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, അതുകൊണ്ട് നിങ്ങളോട് എനിക്ക് ക്ഷമിക്കാനാകും’ . 1993ലെ മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പ് അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു ഇത്. ജയിലിലെ ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെല്ലില്‍ നിന്ന് കഴുമരത്തിലേക്കു കൊണ്ടുപോകും വഴിയാണ് അവസാനമായി മേമന്‍ ഈ വാക്കുകള്‍ പറഞ്ഞത്.

രാത്രി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മേമന്‍ ഉറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ മേമന്‍ കുളിച്ചു പുതിയ വെള്ള വസ്ത്രങ്ങള്‍ ധരിച്ചു. ഒരു കപ്പ് ചായ കുടിക്കുകയും ചെയ്തു. മേമന് പ്രാര്‍ത്ഥനയ്ക്കുള്ള അവസരം ഒരുക്കുക്കിയിരുന്നു, തൂക്കുമരത്തിലേക്ക് പോകുമ്പോഴും മേമന്‍ യാതൊരു പതര്‍ച്ചയുമില്ലാതെ സ്വാഭാവികരീതിയിലാണ് പെറുമാറിയതെന്നും തന്റെ ജീവിതത്തിലെ അവസാന മിനിട്ടുകള്‍ അദ്ദേഹം സമചിത്തതയോടെതന്നെയാണ് ചെലവഴിച്ചതെന്നും ജയിലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാവിലെ 6.50നാണ് മേമനെ സെല്ലില്‍ നിന്നും തൂക്കുമരത്തിലേക്ക് കൊണ്ടുപോകാന്‍ പുറത്തെത്തിച്ചത്. ‘ആ സമയത്ത് അയാള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. അയാള്‍ തീര്‍ത്തും ശാന്തനായിരുന്നു’. മുഖം കറുത്തതുണി കൊണ്ട് മൂടി കൈകള്‍ പിന്നിലേക്കു കെട്ടി മൂന്നു കോണ്‍സ്റ്റബിള്‍മാര്‍ ചേര്‍ന്നാണ് മേമനെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയത്. നടക്കുന്നതിനിടെ ചെരുപ്പ് എന്ന് പറഞ്ഞ കോണ്‍സ്റ്റബിളിനോട് അഴിക്കാം എന്നുപറഞ്ഞ് ചെരുപ്പ് അഴിച്ചു മാറ്റി ശാന്തനായി നടന്നുവെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി

കൃത്യം ഏഴുമണിക്ക് മേമനെ തൂക്കിലേറ്റി. ഏഴരയോടെ മൃതദേഹം തൂക്കുകയറില്‍നിന്നഴിച്ചു. ഉടന്‍ തന്നെ ജയില്‍ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. യാക്കൂബിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ നേരിടാന്‍ പൊലീസുകാര്‍ സജ്ജരായിരുന്നു. ഇതിനായി കസബിനു വേണ്ടി ഇതേ ജോലി നിര്‍വഹിച്ച സംഘത്തെ തന്നെ പുണെയിലെ യേര്‍വാഡ ജയിലില്‍ നിന്ന് നാഗ്പൂരിലെത്തിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: