ഒരു സ്ത്രീയും ഇന്ത്യയില്‍ ജനിക്കരുത്..ഐഎഎസ് ട്രെയ്നിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: ‘ഒരു സ്ത്രീയും ഇന്ത്യയില്‍ ജനിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കു കഴിയൂ’, ഐഎഎസ് ട്രെയ്‌നിയുടേതാണ് വക്കുകള്‍. മധ്യപ്രദേശില്‍ നിന്നുളള റിജു ബാഫ്‌ന എന്ന യുവ ഓഫീസറാണ് നൂറുകണക്കിന് ആളുകള്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റിനു പിന്നില്‍. കഴിഞ്ഞ ആഴ്ച ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഫയല്‍ ചെയ്ത ശേഷമുളള ദുരനുഭവങ്ങളാണ് ബാഫ്‌നയുടെ പോസ്റ്റിനു കാരണം.

വിവേകശൂന്യരായ മനുഷ്യര്‍ എല്ലായിടത്തുമുണ്ട് എന്ന് പറയുന്ന പോസ്റ്റില്‍ തന്റെ ദുരനുഭവങ്ങളെ കുറിച്ചുളള വിശദീകരണവും നല്‍കുന്നു. മനുഷ്യാവകാശകമ്മീഷന്‍ അംഗമായ സന്തോഷ് ചാബി എന്നയാള്‍ നിരന്തരം തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് പരാതി നല്‍കാന്‍ കാരണം. പരാതി നല്‍കിയ ഉടന്‍ ചാബിയെ ജോലിയില്‍ നിന്ന് കളക്ടര്‍ പുറത്താക്കി. പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ ഒരു അഭിഭാഷകന്‍ സമീപത്തു നിന്ന് മാറാതെ നിലയുറപ്പിച്ചു. സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതികരണം വളരെ മോശമായിരുന്നു.

നിങ്ങള്‍ സ്വന്തം ഓഫീസില്‍ മേലധികാരിയായിരിക്കും പക്ഷേ അത് കോടതിയിലല്ല എന്ന് കോപത്തോടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് അഭിഭാഷകന്‍ അവിടംവിട്ടത്. മജിസ്‌ട്രേറ്റും തനിക്ക് ചെറുപ്പമായതിനാലാണ് ഇത്ര കടുംപിടുത്തമെന്ന മട്ടില്‍ സംസാരിച്ചുവെന്നും ബാഫ്‌ന തന്റെ പോസ്റ്റില്‍ പറയുന്നു. ഈ രാജ്യത്ത് പെണ്‍കുട്ടിയായി ജനിച്ചാല്‍ എല്ലായിടത്തും പൊരുതാനുളള ധൈര്യം സ്വയമാര്‍ജിക്കണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്നാല്‍, താന്‍ പെട്ടെന്നുളള പ്രകോപനത്തിനു വശംവദയായി എന്നും വ്യക്തികളുടെ തെറ്റിന് രാജ്യത്തെ കുറ്റപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും ബാഫ്‌ന പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: