ലൈസന്‍സുകള്‍ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ആലോചന നടക്കുന്നു

ഡബ്ലിന്‍:  പെനാല്‍റ്റി പോയിന്‍റ് ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെയെല്ലാം നടപടികള്‍ ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിന് ആലോചന. കേന്ദ്രീകൃതമായ പുതിയ വാഹന രജിസ്റ്റരും കോടതി സേവനങ്ങള്‍ക്ക് ലഭ്യമാക്കും. പെനാല്‍റ്റി പോയിന്‍റുകള്‍ നല്‍കുന്നതിന് ഈ രജിസ്റ്റര്‍ ഉപയോഗിക്കുകയും ആകാം.

കാര്‍ വാങ്ങുന്നതിന് കാര്‍ ഉടമ ലൈസന്‍സ് നല്‍കേണ്ടി വരും. ഓരോ തവണ കാര്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോഴും ലൈസന്‍സ് ആവശ്യമാണ്. ഇത് മൂലം വാഹന കൈമാറം ഡ്രൈവറില്‍ നിന്ന് ഡ്രൈവറിലേക്ക് എന്ന നിലയില്‍ മാറുന്നതാണ്. പെനാല്‍റ്റിപോയന്‍റ് സംവിധാനത്തെ കബളിപ്പിക്കുന്നത് കുറയ്ക്കുക എന്നതാണ് നടപടികള്‍ക്ക് പിന്നിലുള്ള ഉദ്ദേശം.

പെനാല്‍റ്റിപോയിന്‍റിന് ശിക്ഷ വിധിച്ച പത്തില്‍ ഏഴ് പേരും ലൈസന്‍സ്  കാണിച്ച് നല്‍കുന്നില്ലെന്ന വിമര്‍ശനം കൂടിയുള്ളപ്പോഴാണ് പുതിയതീരുമാനം.  പുതിയ സംവിധാനമാകുന്നതോടെ ഡ്രൈവിങിന് നിരോധനമുള്ള ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനും  ഗുണം ചെയ്യും.  ഗതാഗത വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നിരുന്നു. അതേ സമയം ലൈസന്‍സും വാഹനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് എന്ത് ചെലവ് വരുമെന്ന് ഇനിയും കണക്കാക്കിയിട്ടില്ല.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും  ധനസഹായം സംബന്ധിച്ച് ധാരണയിലെത്തി പുതിയ രീതി പ്രഖ്യാപിക്കപ്പെട്ടേക്കും. 20,000  ഡ്രൈവര്‍മാരാണ് നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് ഗതാഗത നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്. 72 ശതമാനം വാഹനയാത്രക്കാര്‍ക്കും പെനാല്‍റ്റി പോയ്ന്‍റ് ഒഴിവാക്കി കിട്ടാന്‍ ശ്രമിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: