കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രിബ്യൂണലില്‍ ഇന്ത്യയെ വിദേശ അഭിഭാഷകര്‍ പ്രതിനിധീകരിക്കും,എട്ടംഗ അഭിഭാഷക സംഘത്തില്‍ മലയാളിയും

 

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രിബ്യൂണലില്‍ ഇന്ത്യയെ വിദേശ അഭിഭാഷകര്‍ പ്രതിനിധീകരിക്കും. നിയമവിദഗ്ധരായ അലെയ്ന്‍ പെല്ലറ്റും ആര്‍. ബണ്ടിയുമാണ് ഇന്ത്യയ്ക്കു വേണ്ടി ഹാജരാകുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍. നരസിംഹയും രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ജര്‍മനിയിലെ ഹാംബര്‍ഗിലെത്തും. ഈ മാസം 10, 11 തീയതികളിലാണ് രാജ്യാന്തര ട്രിബ്യൂണല്‍ കേസ് പരിഗണിക്കുന്നത്. കേസില്‍ നിയമനടപടികള്‍ വൈകിപ്പിച്ചത് ഇറ്റലിയാണെന്ന് ഇന്ത്യ ആരോപിച്ചു.

സമുദ്രനിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര ധാരണപ്രകാരം കടല്‍കൊലക്കേസില്‍ ഇറ്റലി അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ധാരണയില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കക്ഷികള്‍ക്കു ട്രിബ്യൂണലിനെ സമീപിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഇറ്റലിയുടെ നടപടി. ഇതെ തുടര്‍ന്നാണ് ഇന്ത്യ കടുത്ത നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. ഫ്രഞ്ച് അഭിഭാഷകരാണ് ഏലിയന്‍ പെല്ലറ്റും ആര്‍ ബണ്ടിയും. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ലോ കമ്മീഷന്‍ മുന്‍ പ്രസിഡന്റാണ് പെല്ലറ്റ്. എട്ടംഗ അഭിഭാഷക സംഘത്തില്‍ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ അഡ്വ. ഇഷാന്‍ ജോര്‍ജുമുണ്ട്. സംഘം നാളെ പുറപ്പെടും.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വച്ചാണ് വെടിവെപ്പ് നടന്നത് എന്നതിനാല്‍ കേസ് രാജ്യാന്തര ട്രിബ്യൂണല്‍ പരിഗണിക്കേണ്ടതില്ല എന്ന നിലപാടാവും ട്രിബ്യൂണലില്‍ ഇന്ത്യ സ്വീകരിക്കുക. എന്നാല്‍ നാവികര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ വിചാരണ ചെയ്യാനോ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും യുഎന്‍ ധാരണയുടെ 290ാം വകുപ്പുപ്രകാരം തങ്ങളുടെ നാവികരെ ഇന്ത്യയില്‍ നിന്നും വിട്ടുകിട്ടണമെന്നും ഇറ്റലി ആവശ്യപ്പെടുന്നു. നടപടികളുടെ സജീവ സംപ്രേഷണം െ്രെടബ്യൂണലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. മൊത്തം 21 അംഗങ്ങളാണു ട്രിബ്യൂണലിലുള്ളത്.

മലയാളിയുള്‍പ്പെടെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോറിനെയും സാല്‍വത്തോറോ ജിറോണിനെയും 2012 ഫെബ്രുവരി 19നാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇറ്റലിയുടെ ആവശ്യപ്രകാരം വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ഐഎയാണ് കേസ് അന്വേഷിക്കുന്നത്. വിചാരണക്കായി പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. പക്ഷാഘാതമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ പ്രതികളിലൊരാളായ മസിമിലാനോ ലത്തോറിന് ഇറ്റലിയില്‍ ആറുമാസംകൂടി തങ്ങാന്‍ 13ന് സുപ്രീം കോടതി കഴിഞ്ഞ അനുമതി നല്‍കിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: