ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ജലഗതാഗതം സുഗമമാക്കി പുതിയ സൂയസ് കനാല്‍ തുറന്നു

കെയ്റോ: ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ജലഗതാഗതം സുഗമമാക്കി പുതിയ സൂയസ് കനാല്‍ തുറന്നു. ഇതോടെ കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ തുറന്നത്.

1869ല്‍ നിര്‍മിച്ച കനാലില്‍ നടത്തുന്ന മൂന്നാമത്തെ പ്രധാന നവീകരണമാണ് ഇതോടെ പൂര്‍ത്തിയായത്. 600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈജിപ്ത് നിലവിലെ കനാലിന് സമാന്തരമായി പുതിയ പാത പ്രഖ്യാപിച്ചത്. തുടര്‍ന്ന് 43,000 ജോലിക്കാരെ ഉപയോഗിച്ച് 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പാതയാണ് ഇപ്പോള്‍ തുറന്ന് കൊടുത്തിരിക്കുന്നത്.

നവീകരണത്തിനുശേഷം പലയിടത്തും ആഴം നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വീതി 40 ശതമാനവും വര്‍ധിച്ചു. ഇത് ഗതാഗതം സുമമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂയസ് പാതയിലെ ജലഗതാഗതം വഴി നിലവില്‍ ലഭിക്കുന്ന 530 കോടി ഡോളറിന്റെ വരുമാനമാണ് ഈജിപ്തിന് ലഭിക്കുന്നത്. ഇത് 2023ല്‍ 1320 കോടി ഡോളറാകുമെന്നാണ് ഈജിപ്തിന്റെ വിലയിരുത്തല്‍. ആഗോള കപ്പല്‍ ഗതാഗതത്തിന്റെ ഏഴു ശതമാനവും നിലവില്‍ സൂയസ് കനാല്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: