ലേബര്‍ പാര്‍ടിക്ക് ആശങ്ക…ജെറെമി കോര്‍ബിന്‍ ജനപ്രീതി നേടുന്നു

ലണ്ടന്‍: ബ്രിട്ടണില്‍ ലേബര്‍ പാര്‍ടിക്ക് ആശങ്കയായി തീവ്ര ഇടത് പക്ഷ നിലപാടുകാരന്‍ ജെറെമി കോര്‍ബിന്‍ പ്രീതി നേടുന്നു.

പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലാണ് പാര്‍ട്ടി.നേതൃസ്ഥാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തുടങ്ങിയ കോര്‍ബിന്‍ ഇപ്പോള്‍ മറ്റു മൂന്ന് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. കോര്‍ബിന്റെ പൊതുസമ്മേളനങ്ങളിലെ ജനപങ്കാളിത്തം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഈസ്‌ലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്നുള്ള എംപിയാണ് അറുപത്തിമൂന്നുകാരനായ കോര്‍ബിന്‍.

കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ടോണി ബ്ലെയര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹമാസ്ഹിസ്ബുള്ള അംഗങ്ങളെ നമ്മുടെ സുഹൃത്തുക്കള്‍ എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലും കോര്‍ബിന്‍ നേരത്തെ വാര്‍ത്തയില്‍ നിറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി നയത്തിന് വിരുദ്ധമാണ് കോര്‍ബിന്റെ പല നിലപാടുകളും.  വിദേശനയം സംബന്ധിച്ച കോര്‍ബിന്റെ നിലപാടുകള്‍ കൂടുതല്‍ കടുത്തതാണ്. നാറ്റോയില്‍ നിന്നും പിന്‍മാറും എന്നതാണ് ഏറ്റവും പ്രധാനപ്രഖ്യാപനം. ബ്രിട്ടന്റെ ആണവായുധശേഖരം നശിപ്പിക്കും. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ടോണി ബ്ലെയര്‍ യുദ്ധക്കുറ്റ വിചാരണ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ട ഗ്രീസ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തുടര്‍ച്ചയാണ് ബ്രിട്ടനിലും സംഭവിക്കുന്നത് എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ 24 മണിക്കൂര്‍ മാത്രം അവസാനിക്കേ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് പാര്‍ട്ടി അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം ഇതോടെ 6,10,000 കടന്നു. 50 ശതമാനത്തിലധികം പേര്‍ കോര്‍ബിനെ പിന്തുണയ്ക്കുന്നവരാണെന്ന് അഭിപ്രായസര്‍വേകള്‍ വെളിപ്പെടുത്തുന്നു.

Share this news

Leave a Reply

%d bloggers like this: