പാര്‍ലമെന്റ് യുദ്ധക്കളമാകരുത്, രാഷ്ട്രീയപാര്‍ട്ടികള്‍ സഹിഷ്ണുത പാലിക്കണം: രാഷ്ട്രപതി

 

ദില്ലി: പാര്‍ലമെന്റ് യുദ്ധക്കളമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. വ്യത്യസ്തതയാല്‍ സമ്പന്നമാണു നമ്മുടെ ജനാധിപത്യമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ വളര്‍ത്തിയെടുക്കേണ്ടതു സഹിഷ്ണുതകൊണ്ടാണെന്നും രാജ്യത്തെ നിയമ നിര്‍മാണ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്നും ചര്‍ച്ചകള്‍ക്കു പകരം പാര്‍ലമെന്റ് പോരാട്ടത്തിനുള്ള വേദിയായി മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മാറി ചിന്തിക്കാന്‍ തയ്യാറാകണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തെറ്റു തിരുത്തണം. ക്രിയാത്മകമായ സംവാദത്തിനാണ് എംപിമാര്‍ തയാറാകേണ്ടത്. രാഷ്ട്രപുരോഗതിക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്.മതേതരത്വവും വൈവിധ്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സ്തംഭിച്ചതിനു പിന്നാലെയാണ് നിയമനിര്‍മ്മാണസഭകളിലെ പ്രതിസന്ധിയെക്കുറിച്ച് രാഷ്ടപതി സ്വാതന്ത്യദിനതലേന്നുള്ള പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് മതമില്ല, അവര്‍ക്ക് അക്രമത്തിന്റെ ഭാഷ മാത്രമേ മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമം ശക്തമായ മറുപടിയിലൂടെയായിരിക്കും ഇന്ത്യ നല്‍കുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി വീരമൃത്യു വരിച്ചവര്‍ക്ക് രാഷ്ട്രപതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരവാദത്തിനും അക്രമത്തിനുമെതിരെ കര്‍ശന നടപടി തുടരുമെന്നും മതേതരത്വമൂല്യങ്ങള്‍ക്കെതിരെയുള്ള ഏതു നീക്കവും ചെറുക്കണമെന്നും രാഷ്ട്പതി പറഞ്ഞു. ഭീകരവാദികള്‍ക്ക് സഹായം നല്‍കില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പാക്കണമെന്നും രാഷ്ട്പതി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വളര്‍ച്ച പാവപ്പെട്ടവരുടെ ഉന്നമനത്തെയും ലക്ഷ്യമിട്ടായിരിക്കണം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ആശങ്ക മാത്രമേയുള്ളൂവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: