വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ഒപ്പുവച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. നവംബര്‍ ഒന്നിനു നിര്‍മാണം തുടങ്ങും. നാലു വര്‍ഷത്തിനകം ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ സന്തോഷ് മഹാപാത്രയും സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസുമാണു കരാറില്‍ ഒപ്പുവച്ചത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണു കരാറില്‍ ഒപ്പുവച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, സ്പീക്കര്‍ എന്‍. ശക്തന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇടതുപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ചടങ്ങില്‍ പങ്കെടുത്തു. നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പദ്ധതി 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ഗൗതം അദാനി പറഞ്ഞു. മലയാളികള്‍ക്കു പുതുവര്‍ഷം ആശംസിച്ചുകൊണ്ട് പ്രസംഗം തുടങ്ങി അദാനി 25 വര്‍ഷത്തെ കേരളത്തിന്റെ സ്വപ്നമാണു പൂവണിയുന്നതെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞത്തെ മാറ്റുമെന്നും അദാനി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ താല്‍പര്യമാണു വിഴിഞ്ഞം യാഥാര്‍ഥ്യമാകുവാന്‍ വഴിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖ വകുപ്പു മന്ത്രി കെ. ബാബുവിനു എംപിമാരായ ശശി തരൂര്‍, കെ.വി. തോമസ് എന്നിവര്‍ക്കും നന്ദി പറഞ്ഞു.

കേരളത്തിന്റെ വികസചരിത്രത്തിലെ പ്രധാനപ്പെട്ട ദിനമായി കരാര്‍ ഒപ്പിട്ട ദിനം മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിരവധി തുറമുഖങ്ങളുടെ നിര്‍മാണം നടത്തിയ അദാനി ഗ്രൂപ്പ് പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന അദാനിയുടെ വാഗ്ദാനത്തിനു നന്ദി പറയുന്നതായും മത്സ്യതൊഴിലാളികള്‍ പദ്ധതിയുമായി ബന്ധപ്പെട്ടു ഉയര്‍ത്തിയ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖ വകുപ്പു മന്ത്രി കെ. ബാബുവും ചടങ്ങില്‍ സംസാരിച്ചു.

നവംബര്‍ ഒന്നിനാണു തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങുക. 5,552 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. ഇതില്‍ 4,089 കോടി രൂപ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തും. 1,463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയാണ്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ 18,000 ടിഇയു ശേഷിയുള്ള മദര്‍ വെസല്‍സ് അടുപ്പിക്കുന്നതിനു സൗകര്യം ലഭ്യമാകും. വിഴിഞ്ഞം പദ്ധതിക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. ഇനി ഏതാനും ഹോട്ടലുകള്‍ മാത്രമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയില്‍, റോഡ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: