വെള്ളാപ്പള്ളിയുടെ വിഎസ് വിമര്‍ശനം…മറുപടിയുമായി പിണറായി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി. ചരിത്രം പഠിക്കേണ്ടത് വെള്ളാപ്പള്ളിയാണ്. ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവാക്കാനാണ് എസ്എന്‍ഡിപി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

‘വിഎസിന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഒന്നും അറിയില്ല എന്നാണല്ലോ ചിലര്‍ പറയുന്നത്. ഇവിടെ ഇപ്പോഴും ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ പ്രതീകമാക്കി നിര്‍ത്താനാണ് വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. ആരാണ് ചരിത്രം പഠിക്കേണ്ടത്. ആരാണ് ശ്രീനാരായണ ഗുരുവിനെ പഠിക്കേണ്ടത്. അത് ചിന്തിച്ചാല്‍ മതി വെള്ളാപ്പള്ളി’ പിണറായി വിജയന്‍ പറഞ്ഞു.

ഇന്നലെ നടന്ന എസ്എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു വിഎസിനെതിരെ ഏറ്റവുമൊടുവില്‍ വിമര്‍ശനവുമായി വെള്ളാപ്പള്ളി എത്തിയത്. മാര്‍ക്‌സിസം മാത്രം പഠിച്ചാല്‍ പോരാ, ചരിത്രവും ഗുരുവിനെക്കുറിച്ചും പഠിക്കണം. പ്രജാസഭയിലെ കുമാരനാശാന്റെ പ്രസംഗവും വായിക്കണം.

ഞങ്ങളുടെ വേദിയില്‍ വന്നു ചീത്ത പറഞ്ഞാണു വി.എസ്. അച്യുതാനന്ദന്‍ ആര്‍ക്കും വേണ്ടാത്തവനായത്. പിണറായിയുടെ മുന്നില്‍ നല്ലപിള്ള ചമയാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്. പഴയ കഥകള്‍ മറന്നാണു വിഎസിന്റെ പ്രവൃത്തികള്‍. എകെജി സെന്ററിലിരുന്നു സവര്‍ണര്‍ എഴുതിക്കൊടുക്കുന്നത് അതേപടി നോക്കി വായിക്കുകയാണു വിഎസ് എന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: