ഒഴിഞ്ഞ കെട്ടിടങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കും

 

ഡബ്ലിന്‍: രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കുകളെടുത്ത് അതില്‍ അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കും. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളില്‍ പഴയ ഗാര്‍ഡ സ്റ്റേഷനും കെയര്‍ഹോമുകളും ആര്‍മി ബാരക്കുകളും ഉള്‍പ്പെടുന്നുണ്ട്. ന്യൂസ്‌ടോക്കില്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിലും ആര്‍മി ബാരക്കുകളിലും അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കുമെന്നും തുടര്‍ന്ന് മറ്റ് സൗകര്യങ്ങള്‍ കണ്ടെത്തുമെന്നും ബര്‍ട്ടന്‍ വ്യക്തമാക്കി.

ഭവനപ്രതിസന്ധി നേരിടുന്ന അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥികളായെത്തുന്നവര്‍ക്ക് എവിടെ വാസസ്ഥലമൊരുക്കുമെന്ന ചോദ്യത്തിന് പ്രതിരോധമന്ത്രി സൈമണ്‍ കവനെയും ബാരക്കുകളുടെ ലഭ്യത പരിശോധിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ കണക്കുകള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ നിന്നും സര്‍ക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കും. ഇത് പരിശോധിച്ച് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ യൂറോപ്യന്‍ കമ്മീഷന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും മറ്റ് നല്‍കാനുള്ള പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നാണ് സൂചന. ഫുഡ് എയ്ഡ് പ്ലാനിന്റെ വിശദാംശങ്ങള്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. ബ്രസല്‍സില്‍ ഇന്ന് നടക്കുന്ന അഗ്രികള്‍ച്ചര്‍ മിനിസ്റ്റേഴ്‌സിന്റെ യോഗം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: