ബോര്‍ഡ് ഗ്യാസ് ഇലക്ട്രിസിറ്റി,ഗ്യാസ് നിരക്കുകള്‍ കുറച്ചു,ഉപഭോക്താക്കള്‍ക്ക് 44.59 യൂറോ സേവ് ചെയ്യാം

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇലക്ട്രിസിറ്റി ബില്ലും ഗ്യാസ് നിരക്കും കുറയ്ക്കുന്നു. ബോര്‍ഡ് ഗ്യാസ് എനര്‍ജിയാണ് നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈദ്യുത ബില്ലിലും ഗ്യാസിലും വരുത്തിയിരിക്കുന്ന കുറവനുസരിച്ച് ഓരോ വീടിനും വര്‍ഷത്തില്‍ 44.59 യൂറോ ലാഭിക്കാനാകുമെന്നും ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഈ വര്‍ഷം ആദ്യം വില കുറച്ചതിനെ തുടര്‍ന്ന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 54.38 യൂറോ സേവ് ചെയ്യാന്‍ കഴിയുമെന്നും പുതിയ പ്രഖ്യാപനമനുസരിച്ച് ഗ്യാസ് നിരക്കില്‍ 2.5 ശതമാനവും വൈദ്യുതനിരക്കില്‍ യൂണിറ്റിന് 2 ശതമാനവും കുറയ്ക്കുമെന്നും ബോര്‍ഡ് ഗ്യാസ് അറിയിച്ചു.

നിരക്ക് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ഗ്യാസ് ബില്ലില്‍ ശരാശരി 20.25 യൂറോയും വൈദ്യുത ബില്ലില്‍ 24.34 യൂറോയും സേവ് ചെയ്യാനാകും. അങ്ങനെ രണ്ട് സര്‍വീസില്‍ നിന്നും 44.59 യൂറോയാണ് സേവ് ചെയ്യുന്നത്.

ജനുവരിയില്‍ നിരക്ക് കുറച്ചതുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് ഏകദേശം 100 യൂറോയാണ് വൈദ്യുതി, ഗ്യാസ് ബില്ലില്‍ സേവ് ചെയ്യാനാകുന്നതെന്ന് ബോര്‍ഡ് ഗ്യാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡേവ് കിര്‍വാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: