ദേശീയ ശ്രദ്ധയുള്ള ബിഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയൊരുക്കി ബിഹാറില്‍ ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

ഒക്ടോബര്‍ 12ന് 49 മണ്ഡലങ്ങളിലായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം 16ന് (32 മണ്ഡലങ്ങള്‍), മൂന്നാം ഘട്ടം 28ന് (50 മണ്ഡലങ്ങള്‍), നാലാംഘട്ടം നവംബര്‍ ഒന്നിനും (55 മണ്ഡലങ്ങള്‍) നടക്കും. നവംബര്‍ അഞ്ചിന് നടക്കുന്ന അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് അവസാനിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടിംഗ് യന്ത്രങ്ങളാവും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക.

നിലവില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ബീഹാര്‍ ഭരിക്കുന്നത്. 243 അംഗ നിയമസഭയില്‍ 115അംഗങ്ങളാണ് ജെ.ഡി(യു)വിനുള്ളത്. ബി.ജെ.പിക്ക് 91ഉം ആര്‍.ജെ.ഡിക്ക് 22ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അഞ്ച് സീറ്റും സി.പി.ഐയ്ക്ക് ഒരു സീറ്റുമുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ഒന്നും ആറ് സീറ്റ് സ്വതന്ത്രന്മാര്‍ക്കുമുണ്ട്.

Share this news

Leave a Reply

%d bloggers like this: