മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയിച്ചു…ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരമെന്ന് തൊഴിലാളികള്‍

കൊച്ചി : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കള്‍ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തില്‍ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യ നല്‍കാനും ധാരണ. ശമ്പള വര്‍ധനയുടെ എത്രയും വേഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷന്‍ കമ്മിറ്റിയുമായി 26ന് ന് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കും.

ഇതോടെ മൂന്നാറില്‍ നടത്തി വന്ന സമരം പിന്‍വലിച്ചതായി സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു. വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി അറിയിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയത് ഉജ്ജ്വല സമരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ ശക്തമായ സമരം നടത്തണമെന്നും അതിനു തന്റെ നേതൃത്വത്തില്‍ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ തൊഴിലാളി സമരം ഇന്നു തന്നെ പരിഹരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ടെലിഫോണില്‍ സംസാരിച്ചു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് സുധീരന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്.

സമരം ചെയ്യുന്ന തൊഴിലാളികളെ കാണാനെത്തിയ മന്ത്രി പി.കെ. ജയലക്ഷ്മിക്ക് നേരെയും തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൂന്നാറില്‍ എത്തിയതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ മന്ത്രി ജയലക്ഷ്മി പോകരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മന്ത്രി സമരക്കാര്‍ക്കൊപ്പം ഇരിക്കുകയാണ്.

ചര്‍ച്ചയിലെ തീരുമാനങ്ങള്‍

ബോണസ് 20 ശതമാനം വേണമെന്നത് എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു. മാനെജ്‌മെന്റ് ഇതിനു സാമ്പത്തിക പ്രശ്‌നം ഉന്നയിച്ചെങ്കിലും പ്രശ്‌നം തീര്‍ക്കുന്നതിനു സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയടക്കം 20 ശതമാനം ബോണസ് തുക നല്‍കണമെന്നു സര്‍ക്കാര്‍ പറഞ്ഞു. അത് അംഗീകരിക്കാമെന്ന് കമ്പനി സമ്മതിച്ചു. വേതന വര്‍ധനവിനെക്കുറിച്ചു തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. ഇതു വേഗത്തിലാക്കുന്നതിന് ഈ മാസം 26നു പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചേരും. തൊഴില്‍ മന്ത്രി ആ യോഗത്തില്‍ പങ്കെടുക്കും.

പ്ലാന്റേഷന്‍ ലേബര്‍ ആക്ടും ഫാക്ടറീസ് ആക്ടും ഫലപ്രദമായി നടപ്പാക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ഇതിനു തൊഴില്‍ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കും. സാങ്കേതിക കാരണങ്ങളാല്‍ തൊഴിലാളികള്‍ക്കു ലഭിക്കാതിരുന്ന ചികിത്സാ ചെലവുകള്‍ ലഭ്യമാക്കുന്നതിന് അതിന്റെ പൂളില്‍ മാറ്റം വരുത്തും.

Share this news

Leave a Reply

%d bloggers like this: