പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

പാലാ: കോണ്‍വെന്റ് മുറിയ്ക്കുള്ളില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍മ്മലീത്ത മഠാംഗം സിസ്റ്റര്‍ അമല(69)യെയാണ് പാലാ ലിസ്യൂ കോണ്‍വെന്റിലെ മുറിയ്ക്കുള്ളില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന. കൊലപാതകമാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോണ്‍വെന്റിന് സമീപത്തെ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോണ്‍വെന്റില്‍ താമസക്കാരായുണ്ട്. രാത്രി കാലങ്ങളില്‍ പലരും ആസ്പത്രിയിലേക്കും തിരിച്ചും കോണ്‍വെന്റില്‍ നിന്ന് പോകാറുണ്ടെന്നും അതിനാല്‍ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതര്‍ പറയുന്നത്.

പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് എസ്.സതീഷ് ബിനോയും സ്ഥലത്തെത്തി. കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള കാര്‍മ്മല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തിയുടേയും ഏലിയുടേയും മകളാണ് സി.അമല. കര്‍മലീത്ത സന്യാസമൂഹത്തിന്റെ പാലാ പ്രൊവിന്‍ഷ്യല്‍ സി. ലൂസി മരിയ, അസീസി സന്യാസ സഭാംഗം സി.ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: