ഹജ് കര്‍മത്തിനിടെ വീണ്ടും കനത്ത ദുരന്തം,220ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 13 പേര്‍ ഇന്ത്യക്കാരെന്നും സംശയം

മക്ക: ബലി പെരുനാള്‍ ദിനത്തില്‍ ഹജ് കര്‍മത്തിനിടെ വീണ്ടും കനത്ത ദുരന്തം. വിശുദ്ധ നഗരമായ മക്കയ്ക്ക് പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 220ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാനൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേര്‍ മരിച്ചതായാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 13 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വന്‍ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107ല്‍ അധികം പേര്‍ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ് തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കര്‍മത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മലയാളികള്‍ ആരെങ്കിലും മരിച്ചോയെന്ന് അറിവായിട്ടില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയുണ്ട്.

Share this news

Leave a Reply

%d bloggers like this: