സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ചെങ്ങറ സമരക്കാരുടെ ആത്മഹത്യാ ഭീഷണി

 
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്ന് സമരാനുകൂലികള്‍ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് നിലയുറപ്പിക്കുകയായിരുന്നു. ചെങ്ങറ ഭൂ സംരക്ഷണ സമിതിയുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണിയുമായി സമരനേതാക്കള്‍ മരത്തിന് മുകളില്‍ കയറിയത്. സമരസമിതി നേതാവ് സുഗതന്‍ പാറ്റൂര്‍ അടക്കം മൂന്ന് പേരാണ് മരത്തില്‍ കയറി മുദ്രാവാക്യം മുഴക്കിയത്.

2010ല്‍ പട്ടയം നല്‍കിയതാണെങ്കിലും സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ലെന്നും ഇതിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നുമാണ് ആവശ്യം. താഴെ ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമര സമിതി പ്രവര്‍ത്തകരും തടിച്ച്കൂടി. മന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ചയ്ക്ക് അവസരം നല്‍കാമെന്നും സമരം സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിന് മുന്നിലേക്ക് മാറ്റാന്‍ അനുവദിക്കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മരത്തില്‍ കയറി താഴെയുറക്കാനും ആലോചിച്ചു. ഒടുവില്‍ കളക്ടര്‍ ബിജുപ്രഭാകര്‍ എത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി ഭൂമി നല്‍കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താഴെയിറങ്ങുകയായിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം 761 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാകാത്തതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് ചെങ്ങറ ഭൂസംരക്ഷണ സമര സമിതി തയ്യാറെടുക്കുന്നത്. 2010ല്‍ പട്ടയം നല്‍കിയെങ്കിലും അഞ്ച് വര്‍ഷമായിട്ടും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. റവന്യൂ മന്ത്രിയുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു.

Share this news

Leave a Reply

%d bloggers like this: