മോദിയുടെ വിദേശ പര്യടനത്തിലൂടെ രാജ്യം എന്തു നേടിയെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. അദ്ദേഹത്തിന്റെ വിദേശ പര്യടനത്തിലൂടെ രാജ്യം എന്തു നേടിയെന്ന് വ്യക്തമാക്കേണ്ട സമയമാണിതെന്ന് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ കമ്പനികളുടെ അടുത്തുപോയി നിക്ഷേപം ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ചേര്‍ന്നതാണോയെന്നും കേജ്രിവാള്‍ ചോദിച്ചു.

ചൈനയുടെ കാര്യം നോക്കുകയാണെങ്കില്‍ അവരാദ്യം ചൈനയെ നിര്‍മിക്കുകയാണ് ചെയ്തത്. അതിനുശേഷം വന്‍കിട കമ്പനികളെല്ലാം ചൈനയിലേക്ക് നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ട് അവരെ അങ്ങോട്ട് സമീപിക്കുകയായിരുന്നു. അതുപോലെ ആദ്യം ഇന്ത്യയെ നിര്‍മിക്കുക (മെയ്ക്ക് ഇന്ത്യ)യാണ് വേണ്ടത്. ഇന്ത്യയെ നമ്മള്‍ ശക്തിപ്പെടുത്തുകയാണെങ്കില്‍ നിക്ഷേപകര്‍ നമ്മുടെ നിബന്ധനകള്‍ക്കനുസരിച്ച് ഇങ്ങോട്ടേക്ക് വരും. മറിച്ചാണെങ്കില്‍ അവരുടെ ഉത്തരവനുസരിച്ച് നമ്മള്‍ നില്‍ക്കേണ്ടി വരുമെന്നും കേജ്രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്ത്യ പദ്ധതിക്കെതിരെയും കേജ്രിവാള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. മെയ്ക്ക് ഇന്ത്യയിലൂടെ സ്വയമേ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രാവര്‍ത്തികമാകും. ആരോഗ്യം, വിദ്യാഭ്യാസം, ജലം, സുരക്ഷ, നിയമപാലനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതാണ് മെയ്ക്ക് ഇന്ത്യ കൊണ്ടുദ്ദേശിക്കുന്നത്. ഈ അഞ്ചു മേഖലകളില്‍ നിക്ഷേപം നടത്തുന്നതിലൂടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ലോകം മുഴുവന്‍ ഇന്ത്യയുടെ വാതിലില്‍ ക്യൂ നില്‍ക്കുമെന്നും കേജ്രിവാള്‍ പറഞ്ഞിരുന്നു

Share this news

Leave a Reply

%d bloggers like this: