മോദിക്ക് ശിവസേനയുടെ വക കുത്ത്…സോഷ്യല്‍മീഡിയ ഇല്ലാതെ നെഹ്‌റുവും ഇന്ദിരാഗാന്ധിയും പ്രശസ്തരായിരുന്നുവെന്ന് പാര്‍ട്ടി മുഖ പത്രം സാമ്ന

മുംബയ്: യു.എസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തിയെ പരോക്ഷമായി പരിഹസിച്ച് ശിവസേന. സോഷ്യല്‍മീഡിയ ഇല്ലാതെ തന്നെ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും പ്രശസ്തരായിരുന്നു എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ സേന വ്യക്തമാക്കിയത്.

”മോദി വളരെ പ്രശസ്തനാണെന്നതില്‍ സംശയമില്ല. മോദി യു.എസില്‍ എവിടെ പോയപ്പോഴും അവിടെയല്ലാം ‘മോദി മോദി’ എന്ന് ജനങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു, എന്നാല്‍ ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ പ്രചാരത്തിലില്ലായിരുന്ന കാലത്തില്‍ പോലും നെഹ്‌റുവും ഇന്ദിരയും ഇതേ പോലെ പ്രശസ്തരായിരുന്നു” എന്നാണ് മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.

മുന്‍ കോണഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന പി.വി നരസിംഹാറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ സംഭാവനകളെ മറക്കാനാകില്ലെന്നും സേന വ്യക്തമാക്കി. രാജ്യം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ അവരാണ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകിയതെന്ന് എന്നും സേന പറഞ്ഞു.

എന്നാല്‍ മോദിയെ അനുമോദിച്ചുകൊണ്ടാണ് സേന മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത്. മോദി വിദേശങ്ങളില്‍ ഏറെ പ്രശസ്തരാണെന്നും ഇന്ത്യക്ക് ആഗോളതലത്തില്‍ സ്വീകാര്യത നല്‍കി അദ്ദേഹം നമ്മളെ എല്ലാവരേയും അഭിമാനത്തിലാക്കിയെന്നും അതിന് അദ്ദേഹത്തെ അനുമോദിക്കണമെന്നും സേന കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: