പുകയില പായ്ക്കറ്റിലെ മുന്നറിയിപ്പു പരസ്യം വലുതാക്കുന്നത് വൈകിപ്പിക്കുന്നു

ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയിലുള്ള പുകയില ഉപയോഗം കുറയ്ക്കുന്നതിനായി ജാഗ്രത നിര്‍ദ്ദേശം നല്കുന്ന പുകയില പായ്ക്കിലെ മുന്നറിയിപ്പു പരസ്യം വലുതാക്കി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നു. പുകയില ഉത്പന്നങ്ങളുടെ കവറിനു പുറത്ത് 85 ശതമാനം വലുപ്പത്തില്‍ പുകവലി ആരോഗ്യത്തിനു ഹാനികരമെന്ന പരസ്യം നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനം വൈകിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പുകയില പായ്ക്കറ്റിലെ മുന്നറിയിപ്പു വലുതാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാനപനം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പുകയില ഉത്പന്നങ്ങളില്‍ മുന്നറിയിപ്പു വലുതാക്കി നല്കുന്നതുമൂലം അത് പുകയില വ്യവസായത്തെ ബാധിക്കുമോയെന്ന് പരിശോധിച്ചതിനു ശേഷമേ തീരുമാനം നടപ്പാക്കാന്‍ സാധിക്കൂ എന്ന്് പാര്‍ളമെന്റ് പാനല്‍ വ്യക്തമാക്കി. നിലവില്‍ പുകയില പായ്ക്കറ്റുകളുടെ കവറിനു പുറത്ത് 20 ശതമാനം വലുപ്പത്തിലാണ് മുന്നറിയിപ്പു നല്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ പുകയില കമ്പനികള്‍ക്കു അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം പ്രതിവര്‍ഷം 9 ലക്ഷത്തിലധികം ആളുകളാണ് മരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: