മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ രാപ്പകല്‍ സമരം

 

മൂന്നാര്‍: ശമ്പളവര്‍ധനയ്ക്കായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്താന്‍ തോട്ടം തൊഴിലാളികളുടെ കൂട്ടായ്മ പെമ്പിളൈ ഒരുമയുടെ പ്രഖ്യാപനം. സംയുക്ത തൊഴിലാളി യൂണിയനുമായി ഒന്നിച്ചൊരു സമരത്തിന് തയ്യാറല്ലെന്നും പെമ്പിളൈ ഒരുമ വ്യക്തമാക്കിയിട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉന്നയിച്ച് വനിതകള്‍ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടം മൂന്നാറില്‍ ആരംഭിച്ചിരിക്കുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ഒന്നിച്ച് സമരം നടത്തണമെന്ന ആവശ്യം തള്ളിയ പെമ്പിള ഒരുമൈ മുന്‍സമരം പോലെ തന്നെ ഒറ്റയ്ക്ക് സമരം നയിക്കാന്‍ തീരുമാനിച്ചു. ഇന്നലെ തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാം പിഎല്‍സി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നാറില്‍ വീണ്ടും സമരപന്തല്‍ ഉയരുന്നത്.

മൂന്നാറിലെ വിവിധ തോട്ടങ്ങളിലായി പണിയെടുക്കുന്ന പ്രവര്‍ത്തകരോട് മൂന്നാര്‍ ടൗണില്‍ എത്തിച്ചേരാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ആദ്യ സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളി നേതാക്കളും പ്രവര്‍ത്തകരും രാവിലെ മൂന്നാറില്‍ എത്തി ചര്‍ച്ച നടത്തിയശേഷമാണ് സമരപ്രഖ്യാപനം നടത്തിയത്.

കണ്ണന്‍ദേവന്‍ കമ്പനിക്ക് മുന്നില്‍ സമരം പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്നും അതിനാല്‍ കമ്പനിക്ക് മുന്‍പില്‍ സമരം അനുവദിക്കാനാവില്ലെന്നുമാണ് പൊലീസ് നിലപാട്. അത്തരത്തിലൊരു കോടതി ഉത്തരവുണ്ടെങ്കില്‍ അതിനെ മാനിക്കുമെന്നും പൊലീസ് പറയുന്ന സ്ഥലത്ത് സമരം നടത്തുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. അതേസമയം ഈ ഉത്തരവ് തങ്ങള്‍ക്ക് മാത്രമല്ല ഐക്യ തൊഴിലാളി യൂണിയനുകള്‍ക്കും ബാധകമാണെന്നും പെമ്പിള ഒരുമൈ പറഞ്ഞു. കമ്പനിക്ക് മുന്‍പില്‍ സമരം ചെയ്യാന്‍ പൊലീസ് അനുവാദം നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് മൂന്നാറിലെ പാലത്തിനുമുകളില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് നടത്തുകയാണ്.

പ്രതിദിനം 500 രൂപ കൂലിയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ആവശ്യമാണ് ഇതെന്നുമാണ് കമ്പനി മാനേജ്‌മെന്റിന്റെ നിലപാട്. സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും സമാനമായ നിലപാടുകളാണുള്ളത്.

നേരത്തെ പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണിനെ സ്തംഭിപ്പിച്ച് നടത്തിയ ഒമ്പത് ദിവസത്തെ സമരത്തിനൊടുവില്‍ 20 ശതമാനം ബോണസ് എന്ന ആവശ്യം നേടിയെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ശമ്പള വര്‍ദ്ധനവ് എന്ന തൊഴിലാളികളുടെ ആവശ്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശമ്പള വര്‍ദ്ധനവ് നടപ്പാക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് തൊഴിലാളികളും ശമ്പള വര്‍ദ്ധനവ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് നിലപാടില്‍ കമ്പനി മാനേജ്‌മെന്റും ഉറച്ചു നില്‍ക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: