തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റ് വരുന്നു, മൂന്നുവയസിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രീ-സ്‌കൂള്‍

ഡബ്ലിന്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റവതരിപ്പിക്കാന്‍ സര്‍ക്കാര്‍. മൂന്നുവയസിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പ്രൈമറി സ്‌കൂളിലെത്തുംവരെ സൗജന്യമായ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം ഈ ആഴ്ചയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണകക്ഷിയുടെ ഫാമിലി ഫ്രെണ്ട്‌ലി ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരിക്കുമിതെന്നാണ് സൂചനകള്‍. ജോലിക്കാരായ മാതാപിതാക്കളുടെ ചെല്‍ഡ് കെയര്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായുള്ള ചൈല്‍ഡ് കെയര്‍ പരിഷ്‌ക്കാര നടപടികളുടെ ഭാഗമായാണ് മൂന്നുവയസുകഴിഞ്ഞവര്‍ക്കുള്ള സൗജന്യ പ്രീ-സ്‌കൂള്‍.

സൗജന്യ വിദ്യാഭ്യാസത്തിനും ചൈല്‍ഡ്‌കെയറുമായി ബന്ധപ്പെട്ട മറ്റു പദ്ധതികള്‍ക്കായി ശിശുക്ഷേമമന്ത്രി ജയിംസ് റെയ്‌ലി 85 മില്യണ്‍ യൂറോ ഫണ്ട് അനുവദിക്കും. താഴ്ന്നവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കമ്മ്യൂണിറ്റി ചെല്‍ഡ് കെയര്‍ ലഭ്യമാക്കുന്നതിനുള്ള സഹായം, ചെറിയ കുട്ടികള്‍ക്ക് ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ എന്നിവ പരിഷ്‌ക്കാരപദ്ധതികളില്‍ ഉള്‍പ്പെടും.

ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ രണ്ടാഴ്ചയിലെ ശമ്പളത്തോടുകൂടിയ പറ്റേണല്‍ ലീവ് അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. അടുത്ത സമ്മര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇത്തവണത്തെ ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം കുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണെന്ന് ഒരു മുതിര്‍ന്ന ഔദ്യോഗിക വക്താവ് അറിയിച്ചു. ചൈല്‍ഡ് കെയര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളായിരിക്കും ഇത്തവണത്തെ ബജറ്റിലെ ആകര്‍ഷകമായ പദ്ധതി. ചെല്‍ഡ് കെയര്‍ ക്രെഷെ ഫീസായി കുടുംബങ്ങള്‍ക്ക് 20,000 യൂറോയോളം ചെലവുവരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിപ്പിക്കുന്നത്.

നിലവില്‍ Early Childhood Care and Education Scheme മൂന്നുവയസും രണ്ടുമാസവും മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കു മുതല്‍ നാലുവയസും ഏഴുമാസവും താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വരെയാണ് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് മൂന്നുവയസുമുതല്‍ പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതുവരെ കുട്ടികള്‍ക്ക് പ്ലെ സ്‌കൂളിനും ഡെ കെയര്‍ സര്‍വീസിനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.

ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ശമ്പളത്തോടു കൂടിയ രണ്ടാവ്ചയിലെ പറ്റേണല്‍ ലീവാണ്. കുട്ടിയുടെ ജനനത്തിനു ശേഷം രണ്ടാഴ്ചയാണ് അച്ഛന്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ പേരന്റല്‍ ലീവ് അച്ഛനും അമ്മയ്ക്കുമായി ഭാഗിച്ചെടുക്കാവുന്ന പദ്ധതിയുടെ ആദ്യപടിയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബജറ്റില്‍ ചൈല്‍ഡ് ബെനഫിറ്റ് 5 യൂറോ ഉയര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അമ്മമാരെ തിരികെ ജോലിയിലെത്തിക്കുക എന്നതും ചൈല്‍ഡ് കെയര്‍ പാക്കേജിന്റെ ലക്ഷ്യത്തില്‍പെടുന്നു. പ്രാവീണ്യമുള്ള ജോലിക്കാരുടെ അഭാവം പരിഹരിക്കാനാണ് ജോലിയില്‍ നിന്ന് വിട്ടുപോയവരെ തിരികെ ജോലിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മിനിമം വേതനം ഉയര്‍ത്തു്ന്നത് എല്ലാ ജോലിക്കാര്‍ക്കും പ്രയോജനം ചെയ്യും. പ്രത്യേകിച്ചും ഹോസ്പിറ്റാലിറ്റി സെക്ടറില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇത് വളരെയേറെ പ്രയോജനപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യം കൈപ്പറ്റുന്നതിനേക്കാള്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നതിനെ പ്രത്സാഹിപ്പിക്കണമെന്നും സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുമെന്നും ജോലി സ്ഥലങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ധനമന്ത്രി മൈക്കിള്‍ നൂനന്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജില്‍ വരുത്തുന്ന വെട്ടിച്ചുരുക്കലുകളും ബജറ്റില്‍ നിര്‍ണായകമാണ്.

Share this news

Leave a Reply

%d bloggers like this: