ഐസിസ് രണ്ടാമന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ബെയ്‌റൂട്ട് : യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍  ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ രണ്ടാമനായ അബു മുതാസ് അല്‍ ഖുറൈഷി കൊല്ലപ്പെട്ടതായി ഭീകര സംഘടന ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) സ്ഥിരീകരണം. ഈ വര്‍ഷം ആദ്യം നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഐഎസ് വക്താവ് അറിയിച്ചു.

‘അബു മുതാസ് അല്‍ ഖുറൈഷിയെ കൊലപ്പെടുത്തിയതില്‍ അമേരിക്ക വളരെ സന്തോഷത്തിലാണ്. ഇതൊരു വലിയ നേട്ടമായാണ് അവര്‍ കാണുന്നത്. അബു മുതാസ് അല്‍ ഖുറൈഷിയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും വ്യസനിക്കില്ല. അല്ലാഹുവിന്റെ പേരിലാണ് അദ്ദേഹം മരിച്ചത്. അമേരിക്കയ്ക്ക് ഹറാം ആയതും ദൈവത്തിന്റെ ആഗ്രഹത്തിനായി ഹീറോകളെ സൃഷ്ടിക്കുന്നതിന് പിന്നില്‍ അദ്ദേഹമായിരുന്നു’ അബു മുഹമ്മദ് അല്‍ അദാനിയെന്ന ഭീകരന്‍ ഐഎസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തില്‍ അറിയിച്ചു.

എന്നാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഖുറൈഷി കൊല്ലപ്പെട്ടതെന്ന് അദാനി വ്യക്തമാക്കുന്നില്ല. എന്നാല്‍ ആഗസ്റ്റ് 18ന് യുഎസ് ഇറാഖിലെ മൊസൂളില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖുറൈഷി കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് ആഗസ്റ്റ് 22ന് അറിയിച്ചിരുന്നു. ഖുറൈഷിയുടെ വാഹനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യുഎസിന്റെ വാദം.

Share this news

Leave a Reply

%d bloggers like this: