തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ഖട്ടാര്‍…മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വിട്ട് മാധ്യമവും

ഛണ്ഡിഗഡ്: ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലിം മതവിശ്വാസികള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം വിശദീകരണം നല്‍കി. പ്രസ്താവന വിവാദമായതോടെയാണ് മുഖ്യമന്ത്രി നിലപാട് തിരുത്തി രംഗത്തെത്തിയത്.

തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിദ്വേഷമുണ്ടാക്കുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും എല്ലാവരും പരസ്പര ബഹുമാനത്തോടെയാണ് കഴിയുന്നതെന്നും ഖട്ടാര്‍ വ്യക്തമാക്കി. എന്നാല്‍ ഖട്ടാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രം ഇതിന്റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടു. ഇതില്‍ ഖട്ടാര്‍ വിവാദ പരാമര്‍ശം നടത്തുന്നത് വ്യക്തമായി കേള്‍ക്കാം.

ദാദ്രി സംഭവത്തെ കുറിച്ച് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിവാദ പരാമര്‍ശം. പശു, ഭഗവത് ഗീത, സരസ്വതി എന്നിവ ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്ലീങ്ങള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഖട്ടാര്‍ പറഞ്ഞിരുന്നതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദാദ്രിയില്‍ ജനക്കൂട്ടം മുഹമ്മദ് അഖ്!ലാഖിനെ കൊലപ്പെടുത്തിയത് തെറ്റിദ്ധാരണ മൂലമായിരുന്നു. ഇരു വിഭാഗങ്ങള്‍ക്കും ദാദ്രിയില്‍ തെറ്റ് പറ്റിയെന്നും കൊല്ലപ്പെട്ട വ്യക്തി പശുവിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു. ഹരിയാനയില്‍ പശുക്കളെ കൊല്ലുന്നത് പത്ത് വര്‍ഷം വരെയും ഗോമാംസം കഴിക്കുന്നത് അഞ്ച് വര്‍ഷം വരെയും തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Share this news

Leave a Reply

%d bloggers like this: