മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതമെന്ന് മോഹന്‍ലാല്‍

 

കോട്ടയം: മാമുക്കോയയെ ‘കൊന്ന’ മലയാളികളുടെ മനസിനെ വിമര്‍ശിച്ച് ബ്ലോഗുമായി മോഹന്‍ലാല്‍. മാമുക്കോയ മരിച്ചു എന്ന വ്യാജ വാര്‍ത്ത ഏതാനം ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാലിന്റെ പുതിയ ബ്ലോഗ്. ‘മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്.
മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന്റെ പൂര്‍ണരൂപം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോണ്‍ വിളികള്‍ തുടങ്ങി. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ‘ഞാന്‍ മരിച്ചു’ എന്ന് കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതുകേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.

ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു. എന്നാല്‍ എനിക്ക് ഈ കാര്യം വെറും തമാശയായി കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഞാന്‍ ഒരു കാറപകടത്തില്‍പ്പെട്ട് മരിച്ചു എന്ന്. അന്ന് ഇന്നത്തെപ്പോലെ ഫോണ്‍ വ്യാപകമല്ല. എല്ലായിടത്തൊന്നും ഫോണില്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല. ഈ വിവരം ഒരുപാട് സമയത്തേക്ക് ഞാനറിയുന്നില്ല എന്നതാണ് ഏറ്റവും ദയനീയമായ കാര്യം. ഒടുവില്‍ എന്നെ എങ്ങിനെയൊക്കെയോ അവര്‍ക്ക് ലൈനില്‍ കിട്ടി. എന്റെ ശബ്ദം കേട്ടിട്ടുപോലും അമ്മയ്ക്ക് വിശ്വാസമായില്ല. ‘ലാലൂ, ഇത് നീ തന്നെയാണോ?’ എന്ന് അമ്മ ഒന്നിലധികം തവണ ചോദിച്ചത് ഇപ്പോഴും എന്റെ ചെവിയിലുണ്ട്. അമ്മ എന്റെ ശബ്ദം കേട്ടില്ലേ? എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അപ്പോഴാണ് അമ്മയ്ക്ക് സമാധാനമായത്. എന്റെ മരണവാര്‍ത്ത രണ്ട് തവണ കൂടി അമ്മയ്ക്കും അച്ഛനും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും അവര്‍ വല്ലാതെ പരിഭ്രമിച്ചു.

ആ സമയങ്ങളില്‍ ഞാന്‍ മനസില്‍ ചോദിച്ച അതേ ചോദ്യം തന്നെയാണ് മാമുക്കോയ മരിച്ചു എന്ന കള്ളവാര്‍ത്ത കേട്ടപ്പോഴും ഞാന്‍ സ്വയം ചോദിച്ചത്. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍നിന്നു ലഭിക്കുന്ന ആനന്ദം എന്താണ്? എന്തുതരത്തിലുള്ള മനസായിരിക്കും ആ മനുഷ്യരുടേത്?

പൂര്‍ണ ജീവിതം നയിച്ച ഒരാളാണെങ്കിലും മരിച്ചു എന്ന വാര്‍ത്ത നമ്മെ വേദനിപ്പിക്കുന്നതാണ്. നമുക്ക് പ്രിയപ്പെട്ട ഒരാള്‍ നമ്മളോടൊപ്പം ഇനിയില്ല എന്ന കാര്യം ഒരു ഷോക്കായി നമ്മിലേക്ക് പതിക്കുകയാണ്. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും അതുണ്ട്. അതാണ് മനുഷ്യമനസിന്റെ സഹജമായ ഭാവം. അപ്പോള്‍ യാതൊരു മടിയുമില്ലാതെ ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നയാളെ മനുഷ്യന്‍ എന്നും മൃഗം എന്നും വിളിക്കാന്‍ പറ്റില്ല. അതിലും എത്രയോ താഴെയാണ് അവരുടെ സ്ഥാനം. ആരെപ്പറ്റിയാണോ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ആ വ്യക്തി, അവരുടെ കുടുംബം, സുഹൃത്തുക്കള്‍ ഇവരെപ്പറ്റിയൊന്നും ഇത്തരക്കാര്‍ ആലോചിക്കുന്നില്ല. തനിക്കൊരിക്കലും അറിയാത്ത, തനിക്ക് ഒരു ദോഷവും ചെയ്യാത്ത ആളായിരിക്കും അയാള്‍. എന്നിട്ടും എന്തിനാണ് ‘കൊല്ലാന്‍’ അയാളെത്തന്നെ തിരഞ്ഞുപിടിക്കുന്നത്?

ഇത് ഒരു മാനസിക സംസ്‌കാരത്തിന്റെ പ്രശ്‌നമാണ് എന്ന് തോന്നുന്നു. മനസ് എന്നത് ലോകത്ത് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും സൂക്ഷ്മമായ വസ്തുവാണ്. അതിന് അനന്തമായ ജാലകങ്ങള്‍ ഉണ്ട്. കംപ്യൂട്ടര്‍ വിന്‍ഡോസ് കണ്ടുപിടിക്കുന്നതിനും കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടുപിടിക്കപ്പെട്ടതാണ് ഈ ജാലകങ്ങള്‍. അത് തുറക്കാന്‍ വളരെ കുറച്ചുപേര്‍ക്കേ സാധിക്കൂ. അത് തുറന്നിട്ടാല്‍ മനസ് സ്ഫടികം പോലെ ശുദ്ധമാകും. മറ്റൊരാളെ വേദനിപ്പിക്കുക എന്നത് അപ്പോള്‍ അസാധ്യമാകും. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ മനസിന് ജാലകം പോയിട്ട് ഒരു സൂചിത്തുള പോലും ഇല്ലാത്തവരാണ്.

ഞാനൊരിക്കലും നവമാധ്യമങ്ങളെ തള്ളിപ്പറയില്ല. അത്ഭുതകരമായ സാധ്യതകളാണ് അവ തുറന്നുതന്നിരിക്കുന്നത്. എന്നാല്‍ ഏറ്റവും വേഗം വിഷം കലക്കാവുന്ന ഒരു തടാകം കൂടിയാണ് അത്. അതാണ് പലരും ഇന്ന് ചെയ്യുന്നത്. മനുഷ്യരെ അടുപ്പിക്കുന്നതിനേക്കാള്‍ അകറ്റാനാണ് നവമാധ്യമങ്ങളെ കുറേപ്പേരെങ്കിലും ഉപയോഗിക്കുന്നത്. വീട്ടുകലഹങ്ങള്‍ മുതല്‍ വര്‍ഗീയ കലാപങ്ങള്‍ വരെ നവമാധ്യമങ്ങള്‍ കാരണം ഉണ്ടാവുന്നു. കലാരൂപങ്ങളെയും വ്യക്തികളെയും വളര്‍ത്തുന്നതിനേക്കാള്‍ കൊല്ലാനാണ് പലപ്പോഴും ഇവ ശ്രമിക്കുന്നത്. ഒരേസമയം ഓപറേഷന്‍ ചെയ്യാനും കൊല്ലാനും ഉപയോഗിക്കുന്ന കത്തിപോലെ നവമാധ്യമങ്ങള്‍ നമുക്കിടയില്‍ നില്‍ക്കുന്നു. നമ്മുടെ മനസിനെ അവ പലപ്പോഴും കല്ലിനേക്കാള്‍ കഠിനമാക്കുന്നു. പണ്ട് അറിയാത്ത കാര്യങ്ങള്‍ ആളുകള്‍ പറയുക മാത്രമേ ചെയ്തിരുന്നുള്ളൂ. ഇന്നത് പ്രചരിപ്പിച്ചുതുടങ്ങി. യാതൊരു മടിയുമില്ലാതെ.

മാമുക്കോയ മരിച്ചു എന്ന് ആദ്യമായി വാര്‍ത്ത പോസ്റ്റ് ചെയ്ത ആളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പിടികൂടാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. പറ്റുമെങ്കില്‍ അത് ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം. സൈബര്‍ പൊലീസ് വിചാരിച്ചാല്‍ ഇത് സാധിക്കാവുന്നതേയുള്ളൂ. മന:സാക്ഷിയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട് വ്യക്തികളെയും സമൂഹത്തെയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായിത്തന്നെ കണക്കാക്കണം. ചിലര്‍ ശരീരം കൊണ്ട് െ്രെകം ചെയ്യുമ്പോള്‍ മറ്റുചിലര്‍ മനസുകൊണ്ട് അത് ചെയ്യുന്നു എന്നുമാത്രം. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന് പ്രചരിപ്പിക്കാന്‍ മനസുള്ളയാള്‍ അവസരം ഒത്തുവന്നാല്‍ ജീവിച്ചിരിക്കുന്ന മനുഷ്യനെ ശരിയ്ക്കും കൊല്ലില്ല എന്നതിന് എന്താണ് ഉറപ്പ്? ശരീരത്തെ നിയന്ത്രിക്കുന്നത് മനസാണ്. അത് മറക്കരുത്.

സ്‌നേഹപൂര്‍വം, മോഹന്‍ലാല്‍

Share this news

Leave a Reply

%d bloggers like this: