സംവരണ സംവിധാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പറ്റ്‌ന:  സംവരണ സംവിധാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്നിടത്തോളം ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം മന്ത്രവാദിയിരുന്നതിനെ കളിയാക്കിയ മോദി ബിഹാറിന് വികസനമാണ് ആവശ്യമെന്നും പറഞ്ഞു.

സംവരണം പുനഃപരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ബിഹാറില്‍ തിരച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മോദി ഇക്കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ചത്. വാജ്‌പേയി ഭരിച്ചിരുന്നപ്പോഴും ഇത്തരം സംവരണം നിര്‍ത്തലാക്കുന്നുവെന്ന കള്ളപ്രചാരണം നടന്നിരുന്നുവെന്നും മോദി നളന്ദയിലെ റാലിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രവാദിക്കൊപ്പമിരുന്നതിനെ പരിഹസിച്ച മോദി ലാലുവിനും സോണിയാ ഗാന്ധിക്കും പുറമെ മഹാസഖ്യത്തിലെ നാലാമത്തെ കക്ഷി മന്ത്രവാദിയാണെന്ന് കളിയാക്കി. മോദിക്ക് പിന്നാലെ ഹാജിപൂരില്‍ റാലി നടത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്കും ആഞ്ഞടിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ചില നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സിന്‍ഹ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതിനിടെ അധികാരത്തിലെത്തിയാല്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ജെഡിയു സ്ഥാനാര്‍ത്ഥി സത്യദേവ് കുശ്!വാഹ വ്യവസായിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്ത് വിട്ടു.

Share this news

Leave a Reply

%d bloggers like this: