സിറിയയില്‍ പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് അസദ്

 

മോസ്‌കോ: സിറിയന്‍ ജനത തെരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നുവെങ്കില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. ഡമാസ്‌ക്കസില്‍ റഷ്യന്‍ എംപിമാരുടെ സംഘത്തോടാണ് ആസദ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം മൂന്നാഴ്ച്ച പിന്നിട്ടതിന് പിന്നാലെ അസദ് റഷ്യ സന്ദര്‍ശിച്ചു സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം അസദ് ആദ്യമായാണ് ഒരു വിദേശ രാജ്യം സന്ദര്‍ശിച്ചത്.

ഭരണഘടന ഭേദഗതി വരുത്താനും പൊതു തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്ന് അസദ് അറിയിച്ചതായി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എംപിയായ അലെക്‌സാണ്ടര്‍ യുഷെങ്കോ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിറിയന്‍ ജനത തനിക്കൊപ്പം നില്‍ക്കുമെന്നും അസദ് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരരെ തുരത്തുന്നതോടെ സിറിയയില്‍ രാഷ്ട്രീയ പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങുമെന്നും റഷ്യയും സിറിയയും അതാണ് ലക്ഷ്യമിടുന്നതെന്നും അസദ് പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് കമ്യൂണിസ്റ്റ് എംപി സെര്‍ജി ഗവ്‌റിലോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘം ഡമാസ്‌ക്കസിലെത്തിയത്.

അതിനിടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തുരത്താന്‍ സിറിയന്‍ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. ഐഎസ് വിരുദ്ധ സൈനിക നീക്കത്തില്‍ അമേരിക്ക തങ്ങളുമായി സഹകരിക്കാത്തത് വലിയ അബദ്ധമാണെന്നും അത്തരമൊരു സഹകരണത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആവശ്യം വിമതര്‍ തള്ളി. അസദിന് പിന്തുണയുമായി തങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയ റഷ്യയ്ക്ക് ഇപ്പോള്‍ എന്തിനാണ് തങ്ങളുടെ സഹകരണമെന്ന് വിമത സേനയുടെ വക്താവ് ലഫ് കേണല്‍ അഹമദ് സഊദ് ചോദിച്ചു.

സിറിയയില്‍ നിന്നും ഭീകരരെ തുരത്തിയ ശേഷം രാഷ്ട്രീയ പരിഹാരത്തിന് കളമൊരുക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇറാനും ഈജിപ്തും ഇതില്‍ പങ്കുവഹിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: