കാഷ്മീരില്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്നു മുഷാറഫിന്റെ വെളിപ്പെടുത്തല്‍

 

ലാഹോര്‍: 1990കളില്‍ പാക്കിസ്ഥാന്‍, കാഷ്മീരില്‍ ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ വെളിപ്പെടുത്തല്‍. അക്കാലത്ത് ലഷ്‌കര്‍ നേതാക്കന്മാരായിരുന്ന ഹഫീസ് സയീദ്, സാക്കിറുള്‍ ലഖ്‌വി എന്നിവര്‍ക്ക് ഹീറോ പരിവേഷമായിരുന്നു എന്നും മുഷാറഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മത തീവ്രവാദം പാക്കിസ്ഥാനാണ് ആരംഭിച്ചത്. സോവ്യറ്റ് ശക്തികള്‍ക്കെതിരേ പോരാടാനാണ് മത തീവ്രവാദത്തെ വളര്‍ത്തിയതെന്നും മുഷാറഫ് വെളിപ്പെടുത്തി. താലിബാനെ പരിശീലിപ്പിച്ച് റഷ്യക്കെതിരേ പോരാടാന്‍ ഇറക്കിയത് പാക്കിസ്ഥാനാണ്. ഒസാബ ബിന്‍ ലാദന്‍, താലിബാന്‍, ഹഖാനി, സവാഹിരി എന്നിവര്‍ ഹീറോ പരിവേഷമുള്ളവരായിരുന്നു. പില്‍ക്കാലത്ത് അവര്‍ വില്ലന്മാരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990കളിലാണ് കാഷ്മീര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തിയത്. ലഷ്‌കര്‍ ഇ തോയ്ബ അടക്കം 12 ഓളം തീവ്രവാദ സംഘടനകള്‍ അക്കാലത്ത് രൂപീകരിച്ചു. അവര്‍ക്ക് പരിശീലനം നല്കിയത് പാക്കിസ്ഥാനാണ്. അക്കാലത്ത് ഹഫീസും ലഖ്‌വിയും നടത്തിയ പോരാട്ടങ്ങള്‍ പാക്കിസ്ഥാന്റെ അനുഗ്രഹത്തോടെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ സ്വന്തം നാടായ പാക്കിസ്ഥാനില്‍ കൊലപാതക പരമ്പര നടത്തുകയാണ്. ഇത് അവസാനിപ്പിക്കുകയും നിയന്ത്രിക്കുകയും ആവശ്യമാണ്-മുഷാറഫ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: