ചക്കിട്ടപ്പാറ അഴിമതി, തെളിവില്ലെന്ന് വിജിലന്‍സ്

തൃശൂര്‍: കോഴിക്കോട് ചക്കിട്ടപ്പാറയി അനധികൃതമായി ഇരുമ്പയിര്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുന്‍മന്ത്രി എളമരം കരീമിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ്. ഇടപാടില്‍ എളമരം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എസ്.പി. എസ്. സുകേശന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചു.

ചക്കിട്ടപ്പാറ അടക്കമുള്ള മൂന്ന് വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കിയതില്‍ അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വ്യവസായവകുപ്പാണ് ശുപര്‍ശ ചെയ്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖനനത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് അയേണ്‍ ഓര്‍ കമ്പനിയെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.പി.എല്‍ എന്ന സ്വകാര്യ കമ്പനിയക്ക് ഖനനം നടത്താന്‍ അനുമതി നല്‍കിയതാണ് ആരോപണങ്ങള്‍ക്ക് വഴിവച്ചത്. മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്. കരീമുമായി രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നെന്നും കമ്പനി പ്രതിനിധി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2009ല്‍ ഖനനത്തിനുവേണ്ടി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. എളമരം കരീമായിരുന്നു അന്ന് വ്യവസായവകുപ്പ് മന്ത്രി. വനംവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് വ്യവസായവകുപ്പ് ഖനനത്തിന് അനുമതി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പടെ 2500 ഓളം ഏക്കര്‍ വനഭൂമിയിലണ് ഖനനത്തിന് അനുമതി നല്‍കിയത്. ഖനനത്തിന് അനുമതി നല്‍കേണ്ടെന്നായിരുന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും തീരുമാനം. ഇതെല്ലാം മറികടന്നാണ് വ്യവസായമന്ത്രിയായിരുന്ന കരീം ഖനനത്തിന് അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍വച്ച് കരീമിന്റെ ബന്ധുവിനാണ് അഞ്ച് കോടി രൂപ കൈമാറിയത് എന്നായിരുന്നു ആരോപണം. എളമരം കരീമിന്റെ ഡ്രൈവര്‍ സുബൈറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: