മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി, ഇന്ന് കപില്‍ സിബലിന് കൊടുത്തത് 20 ലക്ഷം

 

കൊച്ചി: കെ എം മാണിയെ ബാര്‍കോഴ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് ഒരു കോടി രൂപയ്ക്കടുത്ത്. ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളായ കബില്‍ സിബലിനെ ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിച്ച സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ടി ചെലവിട്ടത് 20 ലക്ഷത്തോളം രൂപയാണെന്നാണ് സൂചന. ഏഴര ലക്ഷം രൂപയാണ് കബില്‍ സിബല്‍ കേസിന് ഹാജരാകുന്നതിന് വേണ്ടി മാത്രം സാധാരണ രീതിയില്‍ പ്രതിഫലം പറ്റുന്നത്. യാത്രച്ചെലവും മറ്റു ചെലവുകളും സൗകര്യങ്ങളുമെല്ലാം വേറെ. ഇന്ന് കപില്‍ സിബലിന്റെ ഒറ്റദിവസത്തെ സിറ്റിംഗിനായി 20 ലക്ഷത്തിനടുത്ത് രൂപയാണ് ചെലവായതെന്നാണ് സൂചന.

പുറത്ത് നിന്ന് അഭിഭാഷകനെ കൊണ്ടു വന്ന് സര്‍ക്കാര്‍ ചെലവില്‍ അഴിമതി ആരോപിതനായ മന്ത്രിയുടെ മുഖഛായ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഹൈക്കോടതിയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. അപ്പോഴാണ് നേരത്തെ വിവാദമായ നിയമോപദേശവും ഉയര്‍ന്നു വന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പകരം സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ശരിയായ നടപടിയല്ലെന്നും കോടതി വിമര്‍ശിച്ചു. സുപ്രീം കോടതിയില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് നാഗേശ്വര റാവു. ബാര്‍ കോഴകേസില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടുന്നതിന് പകരം ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രഗല്‍ഭനായ അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്നും മോഹന്‍ പരാശരനില്‍ നിന്നുമായിരുന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഇരുവര്‍ക്കും പ്രതിഫലം നല്‍കിയതാകട്ടെ 42.5 ലക്ഷം രൂപയും. നാഗേശ്വര റാവുവിനും മോഹന്‍ പരാശരനും 42.5 ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്ന കാര്യം ഹൈക്കോടതിയിലാണ് പരാമര്‍ശമായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: