അയര്‍ലന്‍ഡില്‍ കൂടുതല്‍ നോണ്‍-ഡിനോമിനേഷണല്‍ സ്‌കൂളുകള്‍ വേണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കൂടുതല്‍ നോണ്‍-ഡിനോമിനേഷണല്‍ സ്‌കൂളുകള്‍ വേണ്ടതിന്റെ ആവശ്യകതയെ പിന്തുണച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡൈര്‍മ്യൂഡ് മാര്‍ട്ടിന്‍ . വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്ര മാറ്റം വരുത്തിയില്ലെങ്കില്‍ കതോലിക് സ്‌കൂള്‍ക്ക് അത് ഭാവിയില്‍ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ പ്രവേശനത്തിന് മതപരമായ മുന്‍ഗണനയേക്കാള്‍ പ്രാദേശിക പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ പ്രവേശന മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സല്ലിവന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ മേഖലയില്‍ സമാന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കതോലിക് സ്‌കൂളുകള്‍ക്ക് ഭാവിയില്‍ അത് ദൂഷ്യം ചെയ്യും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മത സാമുദായിക സംഘടനകളുടെ കീഴിലല്ലാതെ ആരംഭിച്ചിട്ടുള്ള നോണ്‍-ഡിനോമിനേഷണല്‍ സ്‌കൂളുകളുടെ എണ്ണം വളരെ കുറവാണ്. കതോലിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വ്യക്തികളില്‍ നിന്നുപോലും ഇവയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ നോണ്‍-ഡിനോമിനേഷണല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ വളരെ കുറച്ച് സ്‌കൂളുകള്‍ മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്. നിലവില്‍ അയര്‍ലന്‍ഡിലെ 10 ല്‍ ഒമ്പതു സ്‌കൂളുകളും കതോലിക് ചര്‍ച്ച് മാനേജ്‌മെന്റിന് കീഴിലുള്ളതാണ്.

ജനങ്ങള്‍ മാറുകയാണ്. അധ്യാപകരുടെ കാഴ്ചപ്പാടുകളും മാറുന്നു. നമ്മള്‍ അതിനെ പരിഗണിച്ചില്ലെങ്കില്‍ നമ്മള്‍ ഒഴുക്കിനൊപ്പമെത്തില്ലെന്നും ബിഷപ്പ് മാര്‍്ട്ടിന്‍ പറഞ്ഞു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ ചര്‍ച്ചും തയാറാകണമെന്ന് ഡബ്ലിനില്‍ നടന്ന കുര്‍ബാനയില്‍ അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം വരുത്തുന്നതിനായി ജാന്‍ ഒ സല്ലിവന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രവേശന മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുമെന്നും സ്‌കൂളിന്റെ സമീപത്തുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. കത്തോലിക് സ്‌കൂളുകളില്‍ കതോലിക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന നയം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഐറിഷ് സ്്കൂളുകളിലെ പ്രവേശന മാനദണ്ഡങ്ങള്‍ ഭരണഘടനയ്ക്കും തുല്യതാനയത്തിനുമെതിരാണെന്നും മന്ത്രി പറഞ്ഞു. പുതിയ ഭേദഗതി ഉടന്‍ ഉണ്ടാകുമെന്നും പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: