അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ടേക്ക് എവെയ്‌സിലെ ഭക്ഷണങ്ങളില്‍ കലോറിയും കൊഴുപ്പും ഉപ്പും കൂടുതല്‍, ആരോഗ്യത്തെ ബാധിക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ടോക്ക്എവെയ്‌സ് ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കലോറിയും കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നുവെന്ന് പഠനം. ന്യൂട്രീഷ്യല്‍ ടേക്ക്ഔട്ട് സീരീസിന്റെ ഭാഗമായി സോഫ്ഫുഡ് നടത്തിയ പഠനത്തിലാണ് ഇന്‍ഡ്യന്‍ ടേക്ക് എവെകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒരു വ്യക്തിക്ക് ആവശ്യമായതിന്റെ ഇരട്ടി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഒരു മീല്‍സില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ട്ടര്‍, മെയ്ന്‍ കോഴ്‌സ്, പുലാവ് റൈസ് എന്നിവയിലെ കലോറി ഒരാള്‍ക്ക് ഒരുദിവസം വേണ്ട കലോറിയേക്കാള്‍ കൂടുതലാണ്. പേഷ്വാരി നാനിലുള്ള കൊഴുപ്പിന്റെ അളവ് ഒരാള്‍ക്ക്് ഒരു ദിവസത്തെ ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട പൂരിത കൊഴുപ്പിനേക്കാള്‍ 168 ശതമാനം കൂടുതലാണ്. എല്ലാ സ്റ്റാര്‍ട്ടറിലും ഒരു ദിവസം വേണ്ട ഉപ്പിന്റെ മൂന്നിലൊരുഭാഗത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടേക്ക് എവെയിലെ ഭക്ഷണങ്ങള്‍ വളരെ പോപ്പുലറാണെന്നും എന്നാല്‍ ഹെല്‍ത്തി ഫുഡ് അല്ലെന്നാണ് സര്‍വേയില്‍ കണ്ടെത്താനായതെന്ന് സേഫ് ഫുഡ് ഹ്യൂമന്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ ഡയറക്ടറായ ഡോ.ക്ലിയോഡ്‌ന ഫോളി-നോലന്‍ അറിയിച്ചു.

അതേസമയം ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണം കൊഴുപ്പുകുറഞ്ഞതും നാരുകളടങ്ങിയതും, പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയിട്ടുള്ളതാണെന്നും ഷെഫുമാര്‍ ഇന്ത്യന്‍ ഭക്ഷണങ്ങളുടെ റെസിപ്പികള്‍ സ്വീകരിച്ച് അതില്‍ രുചിവര്‍ധിപ്പിക്കുന്നതിനായി പ്രിസര്‍വേറ്റീവുകളും മറ്റ് കൃത്രിമ വസ്തുക്കളും ചേര്‍ത്ത് കൊഴുപ്പും ഉപ്പും ആവശ്യത്തിലധികം ചേര്‍ത്താണ് വിളമ്പുന്നതെന്നും നോലന്‍ പറയുന്നു. ഇന്ത്യന്‍ ടേക്ക് എവെയിലെ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കണമെന്നല്ല പറയുന്നതെന്ന് സോഫ്ഫുഡിനുവേണ്ടി റിസര്‍ച്ച് നടത്തിയ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റി പറയുന്നു. പകരം എപ്പോഴും അവിടെ നിന്ന് കഴിക്കുന്നവര്‍ ആ പതിവ് ഉപേക്ഷിക്കണമെന്നും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണമായതിനാല്‍ കഴിക്കുന്ന അവസരത്തില്‍ കുറഞ്ഞ അളവില്‍ കഴിക്കണമെന്നും സ്റ്റാര്‍ട്ടറുകളും സൈഡ് ഡിഷുകളും ഭക്ഷണത്തിന് ഇടയ്ക്ക് കഴിക്കുന്നതില്‍ നിയന്തണമേര്‍പ്പെടുത്തുകയും വേണമെന്ന് പഠനം വ്യക്തമാക്കുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടേക്ക് എവെയിലെ കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണം പ്രശ്‌നമാകും. പേഷ്വാരി നാന്‍ ബ്രെഡിലുള്ള കലോറിയുടെ മൂല്യം 748 ഉം ചിക്കന്‍ ടിക്ക മസാലയില്‍ 1249 ഉം ചിക്കന്‍ കുറുമയില്‍ 1248 ഉം ചിക്കന്‍ ജാല്‍ഫ്രസിയില്‍ 721 മാണ്. അയര്‍ലന്‍ഡിലെ 36 ഇന്‍ഡ്യന്‍ ടേക്ക് എവെയ്‌സിലെ 280 ഫുഡ് സാമ്പിളുകള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്.

പരമ്പരാഗതമായ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ സ്വാദ് ലഭിക്കുന്നതിനാവശ്യമായ കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കുന്നതുകൊണ്ടാണ് ആരോഗ്യത്തിന് ഹാനികരമാകുന്നത്. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ടേക്ക് എവെ റെസ്റ്ററന്റുകള്‍ പലതും ഇന്ത്യാക്കാരുടോതല്ലെന്നതാണ് മറ്റൊരു കാര്യം. പല ഇന്ത്യന്‍ ടേക്ക് എവെ ഭക്ഷണശാലകളും നടത്തുന്നവര്‍ ബംഗ്ലദേശുകാരും പാക്കിസ്ഥാനികളും അഫ്‌നാഗിസ്ഥാന്‍കാരുമൊക്കെയാണ്. തനതായ ഇന്ത്യന്‍ വിഭവങ്ങള്‍ ആരോഗ്യകരമാണെന്ന് സേഫ് അയര്‍ലന്‍ഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവയില്‍ പ്രിസര്‍വേറ്റീവുകളും സ്വാദും മണവും വര്‍ധിപ്പിക്കുന്നതിന് കൃത്രിമ വസ്തുക്കളും ചേര്‍ക്കുന്നതാണ് പ്രശ്‌നം. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ഭക്ഷശാലകളും അയര്‍ലന്‍ഡില്‍ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ നല്ല ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പുതിയ സര്‍വേ വിരല്‍ ചൂണ്ടുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: