അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ആമിര്‍ ഖാനെ എതിര്‍ത്തും പിന്തുണച്ചും പ്രമുഖര്‍

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെ പിന്തുണച്ചും എതിര്‍ത്തും പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവര്‍ ആമിറിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി നടന്‍ അനുപം ഖേര്‍, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച ഡല്‍ഹിയില്‍ രാംനാഥ് ഗോയങ്ക പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവേയാണു രാജ്യത്തെ വിവിധ സംഭവങ്ങളെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ രാജ്യം വിടാമെന്നുവരെ ഭാര്യ കിരണ്‍ റാവു തന്നോടു പറഞ്ഞിരുന്നുവെന്ന് ആമിര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ രാജ്യത്തെ ഒരു വിഭാഗത്തിന് കടുത്ത ഭയമുണെടന്നു പറഞ്ഞ ആമിര്‍ രാജ്യത്ത് നിലനില്‍ക്കുന്ന അഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്നവര്‍ക്കു പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണും നരേന്ദ്ര മോദിയേയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആമിറിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്നു വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ആശങ്കയാണ് ആമിര്‍ പങ്കുവച്ചതെന്ന് മനു അഭിഷേക് സിംഗ് സിംഗ്‌വി പ്രതികരിച്ചു.

അതേസമയം ആമിര്‍ ഖാന്റെ അഭിപ്രായപ്രകടനം രാജ്യത്തിന് അപമാനമുണ്ടാക്കുന്നതാണെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. ആമിര്‍ വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അതേ രാജ്യമാണ് അദ്ദേഹത്തിനു ഇത്രയും പ്രശസ്തിയും സമ്പത്തും നല്‍കിയതെന്ന് ഓര്‍ക്കണമെന്ന് ബിജെപി വക്താവ് ഷഹനാസ് ഹുസൈനും പറഞ്ഞു. രാജ്യം വിട്ട് എങ്ങോട്ട് പോകണമെന്നാണു ഭാര്യ ആമിറിനോടു പറഞ്ഞതെന്നും താന്‍ ജനിച്ചത് ഇന്ത്യയിലാണെന്നു ഭാര്യക്കു മറുപടി നല്‍കാമായിരുന്നില്ലേയെന്നും നടന്‍ അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: