ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

അഹമ്മദാബാദ് : ഇന്ത്യയില്‍ മോദി പ്രഭാവത്തിനു മങ്ങലേല്‍ക്കുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ മോദിയുടെ സ്വന്തം നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതേ സമയം കോണ്‍ഗ്രസ് വന്‍ തിരിച്ചു വരവു നടത്തി. 31 ജില്ലാ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ നയിച്ചിരുന്ന കാലത്തൊന്നും കോണ്‍ഗ്രസിന്റെ നിഴല്‍ പോലും വ്യക്തമാകാതിരുന്ന അതേ ഗുജറാത്തിലാണ് കോണ്‍ഗ്രസിനു ശക്തമായ അടിത്തറ കൈവന്നത്. 2010 ല്‍ നടന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ 31 ജില്ലാപഞ്ചായത്തുകളില്‍ 30 ഉം ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ബിജെപി മേധാവിത്വം തുടര്‍ന്നു. ഗ്രാമപ്രദേശങ്ങളിലാണ് കോണ്‍ഗ്രസ് തരംഗം ഉണ്ടായിരിക്കുന്നത്.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നടന്ന ആറു കോര്‍പറേഷനുകളിലും ബിജെപിക്കാണ് മുന്‍തൂക്കം. 56 മുന്‍സിപാലിറ്റികളില്‍ 36 എണ്ണത്തിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ 9 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 230 താലൂക്ക് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 4778 സീറ്റില്‍ കോണ്‍ഗ്രസ് 2204 സീറ്റില്‍ മുന്നിലാണ്. ബ്ിജെപിയാകട്ടെ 1798 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ആനന്ദിബെന്‍ മുഖ്യമന്ത്രിയായി ഭരിക്കുന്ന സമയത്തു നടന്ന തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും സുചനയുണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: