കോര്‍ക്ക് ഹോസ്പിറ്റലില്‍ ആറാഴ്ച പ്രായമുള്ള രോഗിയായ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ പിതാവിന് കാത്തിരിക്കേണ്ടിവന്നത് 11 മണിക്കൂര്‍

 

ഡബ്ലിന്‍: കോര്‍ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ ആറാഴ്ച പ്രായമുള്ള രോഗിയായ കുഞ്ഞിനെയും കൊണ്ട് 11 മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നതില്‍ രോഷാകുലനായി പിതാവ്. ഡാനിയേല്‍ ലോംഗിനും ഡെബി ലൂണിയ്ക്കുമാണ് ഈ ദുരനുഭവമുണ്ടായത്. പ്രവേശനത്തിന് കാത്തിരുന്ന സമയം മുഴുവന്‍ കുഞ്ഞ് ശര്‍ദിക്കുകയായിരുന്നുവെന്നും വേദനയോടെ ദമ്പതിമാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്.

നവംബര്‍ 22 നാണ് ഈസ്റ്റ് കോര്‍ക്ക് നിവാസികളായ ലോംഗും ഭാര്യയും തങ്ങളുടെ മകളായ ഓര്‍ലൈത്ത്് ശര്‍ദ്ദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. ആദ്യം മിഡില്‍ടണ്‍ സൗത്ത്‌ഡോകിലെ ജിപിയുടെ അടുത്താണ് കൊണ്ടുപോയത്. കുഞ്ഞിന് നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റഫര്‍ ചെയ്തു.

ഹോസ്പിറ്റലെത്തിയ ഉടനെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തി ചെറിയ കുട്ടിയാണെന്നും എത്രയും വേഗം ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു. 20 മിനിട്ട് കഴിഞ്ഞിട്ടും കാത്തിരിപ്പു തുടരുകയായിരുന്നു. നാലോ അഞ്ചോ വയസു പ്രായമുള്ള കുട്ടികളുമായി രണ്ടോ മൂന്നോ ദമ്പതിമാര്‍ വന്നുപോയി.

അര്‍ധരാത്രിയായപ്പോള്‍ ഒരു നഴ്‌സ് വന്ന് കുഞ്ഞിന്റെ ടെമ്പറേച്ചറും ബ്ലഡ് പ്രഷറും പരിശോധിച്ചു. അപ്പോഴും അവള്‍ ശര്‍ദിക്കുകയായിരുന്നു. വെളുപ്പിന് നാലുമണിയായപ്പോഴാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. നഴ്‌സ് നാലുമണിക്ക് കുഞ്ഞിന്റെ യൂറിന്‍ പരിശോധിക്കാനായി യൂറിന്‍ ബാഗ് ഫിറ്റ് ചെയ്‌തെങ്കിലും 8 മണിവരെ കിട്ടിയില്ല. കുഞ്ഞിന് വൈറല്‍ ഇന്‍ഫക്ഷന്‍ ഉണ്ടെന്നും കിഡ്‌നിയില്‍ അണുബാധയുണ്ടായിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

രാവിലെ ഒമ്പതുമണിയോടെ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാമെന്ന് നഴ്‌സ് പറഞ്ഞു. കുട്ടികളുടെ വാര്‍ഡില്‍ മകളെ അഡ്മിറ്റ് ചെയ്തപ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തര കഴിഞ്ഞിരുന്നുവെന്ന് ലോംഗ് പറയുന്നു.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ വെയ്റ്റിംഗ് ഏരിയയില്‍ കാത്തിരുന്ന ആ 11 മണിക്കൂറിനുള്ളില്‍ ഓര്‍ലൈത്ത് പത്തുതവണയെങ്കിലും ശര്‍ദിച്ചിട്ടുണ്ടെന്ന് ലോംഗ് പറയുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ അവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് അവള്‍ അവസാനമായി പാല്‍ കുടിച്ചത്. കുഞ്ഞിന് നിര്‍ജലീകരണമുണ്ടെന്ന് ജിപി പറഞ്ഞകാര്യം ഞങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നുണ്ടായിരുന്നുവെന്നും ലോംഗ് പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: