വധഭീഷണി: എഴുത്തുകാരി തസ്‌ലീമ നസ്‌റിനെ യു.എസിലേക്ക് മാറ്റി

ധാക്ക: ബംഗ്ലാദേശില്‍ വധഭീഷണി നേരിടുന്ന എഴുത്തുകാരി തസ്‌ലീമ നസ്‌റിനെ യു.എസിലേക്ക് മാറ്റി. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സെന്റര്‍ ഫോര്‍ എന്‍ക്വയറി’ എന്ന സംഘടനയാണ് തസ്‌ലീമയെ യു.എസിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

മതേതര ബ്ലോഗര്‍മാരായ അവിജിത് റോയി, വസീഖുറഹ്മാന്‍, അനന്ത ബിജോയ് ദാസ് എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകര സംഘടനകള്‍ തസ്‌ലീമയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണിത്.

മെയ് 27ന് നസ്‌റിന്‍ അമേരിക്കയില്‍ എത്തിയതായി ‘സെന്റര്‍ ഫോര്‍ എന്‍ക്വയറി’ അറിയിച്ചു. അമേരിക്കയിലെ തസ്‌ലീമയുടെ താമസത്തിനുള്ള ചിലവുകള്‍ വഹിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. 1994ല്‍ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് വിട്ട തസ്‌ലീമ നസ്‌റിന്‍ യൂറോപ്പിലും ദല്‍ഹിയിലുമാണ് കഴിഞ്ഞിരുന്നത്.

2013ന് ശേഷം നാലോളം മതേതര ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നത്. ബ്ലോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘അന്‍സാറുല്ല ബംഗ്ലാ ടീം’ എന്ന ഭീകര സംഘടനയെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Share this news
%d bloggers like this: