പകര്‍ച്ചവ്യാധി ഭീതിയില്‍ ചെന്നൈ; പ്രളയക്കെടുതിയില്‍ മരണം 450

ചെന്നൈ: പ്രളയക്കെടുതിയിലായ ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍. നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയില്‍ തുടരുന്നതാണ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. ചെന്നൈ നഗരത്തില്‍ തന്നെയുള്ള കൂവം നദി മഴക്കെടുതിയേത്തുടര്‍ന്ന് കരകവിഞ്ഞിരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 450 ആയി.

സ്വതവെ മാലിന്യവാഹിയായ നദി കരകവിഞ്ഞ് ജനവാസമേഖലയിലേക്ക് ഒഴുകിയതാണ് ഭീഷണി ഉയര്‍ത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരെ അലട്ടുന്നതും ഇത് തന്നെയാണ്. അതേസമയം ചെന്നൈയിലെ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ പകര്‍ച്ചവ്യാധി നേരിടാനുള്ള മുന്നൊരുക്കത്തിലാണ്. മിക്ക ആസ്പത്രികളിലും വെള്ളക്കെട്ട് തുടരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ഇന്നുച്ചയോടെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ മുഴുവന്‍ ആളുകളേയും രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്.
വെള്ളക്കെട്ട് ഇറങ്ങിത്തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴ തുടങ്ങിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 11 ലക്ഷം ആളുകളേയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍ വെള്ളപ്പൊക്കത്തേ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.

വെള്ളപ്പൊക്കത്തേ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് സര്‍വീസ് ആരംഭിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ആരംഭിച്ചത്. കെഎസ്ആര്‍ടിസി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 12 സര്‍വീവുകള്‍ നടത്തും.

Share this news

Leave a Reply

%d bloggers like this: