സോളാര്‍ കേസ്..സരിതയുടെ മൊഴി അടുത്തമാസം 15ന് രേഖപ്പെടുത്തും… കത്ത് ഹാജരാകണമെന്ന് കമ്മീഷന്‍

കൊച്ചി : സോളാര്‍ കേസില്‍ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നത് അടുത്തമാസം 15 ലേയ്ക്ക് മാറ്റി. ശാരീരികമായും മാനസികമായും അസ്വസ്ഥതകളുള്ളതിനാല്‍ ഇപ്പോള്‍ മൊഴിനല്‍കുന്നതിന് തടസ്സമുണ്ടെന്നും സമയം നീട്ടി നല്‍കണമെന്നും സരിത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കമ്മിഷന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.

എന്നാല്‍, മൊഴി നല്‍കിയതിനുശേഷം മാത്രം മതി ഇനി സിനിമാ ഷൂട്ടിങ് എന്ന് കമ്മിഷന്‍ സരിതയോട് പറഞ്ഞു. അതോടൊപ്പം സരിത വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് 15 ന് ഹാജരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്തമാസം 15 ന് ബിജു രാധാകൃഷ്ണനും ഹാജരാകണമെന്നും എതിര്‍വാദം ഉണ്ടെങ്കില്‍ ഉന്നയിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രമുഖര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചുവെന്ന മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ മൊഴിയ്ക്ക് പിന്നാലെ സരിത നല്‍കുന്ന മൊഴി നിര്‍ണ്ണായകമായേക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സരിതയെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന് മൊഴി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചത് സരിത തന്നെയാണെന്നും എന്നാല്‍ തന്റെ മൊഴി നിഷേധിച്ച സരിതയുടെ നടപടി ഞെട്ടിച്ചുവെന്നും കഴിഞ്ഞ ദിവസം മൊഴി നല്‍കവേ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെരെ താന്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ പത്താം തീയതി തന്നെ തെളിവ് നല്‍കുമെന്നും കൊച്ചിയില്‍ സോളാര്‍ കമ്മീഷനില്‍ സിറ്റിംഗിന് ശേഷം ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: