കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം: എട്ട് മരണം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളം കോംപ്ലക്‌സില്‍ കടന്നു കയറി താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, 18 പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പുലര്‍ച്ചെയാണ് ആയുധധാരികളായ ഭീകരര്‍ വിമാനത്താവളത്തിനു തൊട്ടടുത്തുള്ള അഫ്ഗാന്‍-നാറ്റോ സൈനിക താവളത്തിലും റെസിഡന്‍ഷ്യല്‍ ബ്ലോക്കിലും കടന്നുകയറിയത്.
കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി ഒരു താലിബാന്‍ അനുകൂല വെബ്‌സൈറ്റില്‍ തീവ്രവാദികള്‍ അവകാശപ്പെടുന്നുണ്ട്.

വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയും സമീപമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയും ഭീകരര്‍ ആക്രമണം നടത്തിയതായി അറിയുന്നു. വിമാനത്താവളത്തിന് അടുത്തുള്ള സ്‌ക്കൂളില്‍ കയറിപ്പറ്റിയ ഭീകരര്‍ സ്‌ക്കൂളില്‍ തമ്പടിച്ച് വിമാനത്താവളത്തിന് നേരെ വെടിവെപ്പ് നടത്തി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: