മുസ്ലീങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിള്‍ മേധാവി

ന്യൂയോര്‍ക്ക്: അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മുസ് ലിം വിഭാഗക്കാരെ ഉറപ്പായും പിന്തുണയ്ക്കണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്ഥാവനയോടാണ് സുന്ദര്‍ പിച്ചൈ പ്രതികരിച്ചത്. ബ്ലോഗിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സഹിഷ്ണുതയും തുറന്ന മനസും തുല്യതയുമൊക്കെയാണ് അനുദിനം വളരുന്ന അമേരിക്കയുടെ മുഖമുദ്രയെന്നും ചിലരുടെ പ്രസ്താവനകള്‍ അതെല്ലാം തകര്‍ക്കുമെന്നും പിച്ചെ വ്യക്തമാക്കി. പേരെടുത്തു പറയാതെയായിരുന്നു പിച്ചെയുടെ വിമര്‍ശനം.

കോടിക്കണക്കിന് കുടിയേറ്റക്കാരുടെ പ്രതീക്ഷാ കേന്ദ്രമാണ് അമേരിക്ക. ഇതൊരു ഇടുങ്ങിയ രാജ്യമല്ല. തുറന്ന മനസും സഹിഷ്ണുതയും പുതിയ ആളുകളെ സ്വീകരിക്കാനുള്ള സന്നദ്ധതയുമാണ് അമേരിക്കയുടെ കരുത്തെന്നും സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ എല്ലാവരും കുടിയേറ്റക്കാരാണെന്നത് ഒരു യാദൃഛികതയല്ലെന്നും സുന്ദര്‍ പിച്ചെ പറഞ്ഞു.
22 വര്‍ഷം മുമ്പാണ് ഞാന്‍ ഇന്ത്യയില്‍ നിന്ന് യുഎസ്സിലെത്തിയത്. ഇവിടെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍, പിന്നീട് കഠിനാധ്വാനത്തിലൂടെ മറ്റ് വാതിലുകള്‍ തുറക്കുന്നത് കണ്ടു. എന്റെ കരിയറും കുടുംബവും ഞാനിവിടെ വച്ചാണ് നേടിയത്. ഇന്ത്യയിലെന്നതുപോലേ ഞാന്‍ ഈ രാജ്യത്തിന്റെ ഭാഗമായി മാറി സുന്ദര്‍ പിച്ചെ പറഞ്ഞു.

പാരീസ് ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിലേക്ക് മുസ്ലീം വിഭാഗക്കാര്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ നിവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: