മുല്ലപ്പെരിയാര്‍ ജലനിരപ്പുയരുന്നു; ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 141.8 അടിയായാല്‍ ഏതുനിമിഷവും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മൂന്ന് ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിലേക്ക് വെള്ളമൊഴുക്കാനാണ് സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. വൈഗ ഉള്‍പ്പെടെയുളള ഡാമുകളില്‍ 90 ശതമാനവും ജലം സംഭരിച്ചു കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്.

ജലനിരപ്പ് 142 അടിയോട് അടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച തമിഴ്‌നാട് അണക്കെട്ടിന്റെ എട്ടു ഷട്ടറുകള്‍ തുറന്നിരുന്നു. കനത്ത മഴയത്ത് അണക്കെട്ട് സുപ്രീംകോടതി നിശ്ചയിച്ച സംഭരണശേഷിയായ 142 അടിയോടടുത്തിട്ടും വെള്ളം കൊണ്്ടുപോകാതിരുന്നതും പിന്നീട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്ന് ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിയതിലും കേരളം തമിഴ്‌നാടിനെയും കേന്ദ്രത്തെയും പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 141.5 അടിയായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ 141.6 ല്‍ എത്തിയിരുന്നു. മൂന്ന് ഷട്ടറുകള്‍ അരയടി മാത്രമേ ഉയര്‍ത്തുകയുള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പ്രദേശവാസികള്‍ ജീഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: