ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ബിജെപിയുടെ പരിപാടി ആണെങ്കില്‍ ആര്‍ക്കും ദുഖം ഉണ്ടാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തന്നെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസുമാണെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കെസി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. കൊല്ലത്ത് നടക്കുന്ന ചടങ്ങ് സ്വകാര്യ ചടങ്ങെന്ന വാദം തെറ്റെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തും ലോക്‌സഭയില്‍ കെസി വേണുഗോപാല്‍ ഉയര്‍ത്തിക്കാട്ടി.

അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്പറഞ്ഞു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ തീരുമാനം എസ്എന്‍ഡിപിയുടേതാണ്. ഇതിന് പിന്നില്‍ പ്രധാനമന്ത്രിക്കോ ഓഫീസിനോ യാതൊരു പങ്കുമില്ല. സംസ്ഥാനങ്ങളെയോ മുഖ്യമന്ത്രിമാരേയോ അപമാനിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ പ്രധാനമന്ത്രിക്കോ ഓഫീസിനോ പങ്കില്ലെന്ന് രാജീവ് പ്രതാപ് റൂഡി ലോക്‌സഭയില്‍ പറഞ്ഞു.ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും രാജീവ് പ്രതാപ് റൂഡി ലോക്‌സഭയില്‍ വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ പാര്‍ലമെന്റില്‍ കെസി വേണുഗോപാല്‍ എം.പി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതാരണാനുമതി നിഷേധിച്ചിരുന്നു. കേരള മുഖ്യമന്ത്രിയെ വിലക്കിയതിലൂടെ കേരള ജനതയെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ സമീപനം ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: