പാരീസ് കാലിഫോര്‍ണിയ ആക്രമണങ്ങള്‍ക്ക് ശേഷം മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 3 മടങ്ങ് വര്‍ധന

 

വാഷിംഗ്ടണ്‍: പാരിസ്, കാലിഫോര്‍ണിയ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ മൂന്നു മടങ്ങ് വര്‍ധന. അമേരിക്കയില്‍ മുസ്ലീം വിരുദ്ധ വികാരം പടരുകയാണ്. ഒരു മാസത്തിനുള്ളില്‍ പതിനഞ്ചോളം ആക്രമണങ്ങളാണ് മുസ്ലീങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാം മതവിശ്വാസികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങളും വെടിവെപ്പുമുണ്ടായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഹിജാബ് ധരിച്ചെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് പോലും അസഹിഷ്ണുതയാണ് അമേരിക്കന്‍ വംശജരായ അധ്യാപകര്‍ കാണിക്കുന്നത്. മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണവും വന്‍തോതില്‍ വര്‍ധിച്ചു. ഇസ്ലാം മതവിശ്വാസികളുടെ വ്യവസായ സ്ഥാപനങ്ങളില്‍ വെടിവെയ്പ്പും കൊലപാതക ഭീഷണിയും സ്ഥിരം സംഭവമായി മാറി പല നഗരങ്ങളിലും. മുസ്ലീം വിരുദ്ധ വികാരം വര്‍ധിച്ചു വരുന്നതിനിടയില്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ആദ്യമായാണ് പുറത്തു വരുന്നത്. ഡോണ്‍ള്‍ഡ് ട്രംപ് അടക്കം രാഷ്ട്രീയ നേതാക്കള്‍ വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയതും അമേരിക്കയിലെ സ്ഥിതി വഷളാക്കാന്‍ ഇടയാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുസ്ലീങ്ങള്‍ക്കെതിരെ ശരാശരി 12 ആക്രമണങ്ങള്‍ നടന്നിരുന്നതായാണ് കണക്ക്. എന്നാല്‍ നവംബര്‍ 13ന് പാരിസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇത് മൂന്നിരട്ടിയിലധികമായി ഉയര്‍ന്നു. ഡിസംബര്‍ രണ്ടിന് കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പിന് ശേഷം ഇതുവരെ മുസ്ലീങ്ങള്‍ക്കെതിരെ ഇരുപതോളം ആക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണങ്ങള്‍ക്ക് ശേഷമുള്ള ഭയവും വെറുപ്പുമാണ് മുസ്ലീം വിരുദ്ധ വികാരം വളരാന്‍ ഇടയാക്കിയതെന്ന് ക്രിമിനോളജിസ്റ്റായ ബ്രെയിന്‍ ലെവിന്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള മുസ്ലീം വിരുദ്ധ വികാരത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ ശരാശരി 12.6 ആയിരുന്നെങ്കില്‍ ഭീകരാക്രമണ സംഭവങ്ങള്‍ക്ക് ശേഷം ഇത് 38ലേക്ക് ഉയര്‍ന്നു. സിക്കുകാരെ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന സംഭവവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലെവിന്‍ പറയുന്നു. ഐഎസ് ഭീകരരെന്ന് വിളിച്ച് മുസ്ലീം ജനതയെ അമേരിക്കയില്‍ ആക്രമിക്കുന്നത് ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: