നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ജാമ്യം

 

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും ജാമ്യം . പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശമനുസരിച്ച് ഹാജരായ സോണിയയും രാഹുലും നല്‍കിയ ജാമ്യാപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഇരുവരും ഇനി ഫെബ്രുവരി 20ന് വീണ്ടും ഹാജരാകണം. ഇരുവര്‍ക്കും 50,000 രൂപയുടെ ബോണ്ടിലും ഒരാളുടെ ഈടിലുമാണ് ജാമ്യം. സോണിയയ്ക്കു വേണ്ടി എ.കെ. ആന്റണിയും രാഹുലിനു വേണ്ടി പ്രിയങ്കയും ആള്‍ജാമ്യം നിന്നു.

ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി പക്ഷെ, കേസ് കാലയളവില്‍ ഇരുവരുടെയും സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി കപില്‍ സിബല്‍ പറഞ്ഞു. ഇതു പക്ഷെ, കോടതി അനുവദിച്ചില്ല. അസുഖബാധിതനായതിനാല്‍ സാം പിത്രോദയ്ക്ക് കേസില്‍ ഹാജരാവുന്നതില്‍ കോടതി ഇളവ് അനുവദിച്ചു. ഫെബ്രുവരി 20ന് കോടതിയില്‍ ഹാജരാകുന്നതിനെതിരെ സോണിയയും രാഹുലും തടസവാദങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബല്‍ അറിയിച്ചു. കേസിലെ മറ്റു പ്രതികളായ മോത്തിലാല്‍ വോറയ്ക്കു വേണ്ടി അജയ് മാക്കനും സുമന്‍ ദുബെയ്ക്കു വേണ്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓസ്‌കര്‍ ഫെര്‍ണാണ്ടസിനു വേണ്ടി ഗുലാം നബി ആസാദും ആള്‍ജാമ്യം നിന്നു.

മൂന്നു മണിയോടെയാണ് ഇരുവരും പട്യാല ഹൗസ് കോടതിയിലെത്തിയത്. ഇരുവര്‍ക്കും സെഡ് കാറ്റഗറി സുരക്ഷ ഉള്ളതിനാല്‍ കോടതിപരിസരം എസ്.പി.ജി. കമാന്‍ഡോകളുടെ നിയന്ത്രണത്തിലായിരുന്നു. ഇരുവരും കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് രാജ്യസഭയിലെ പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദിന്റെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രിയങ്കയും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. തലേദിവസത്തേതില്‍നിന്നു ഭിന്നമായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഇരുവരും തീരുമാനിച്ചു. ജാമ്യം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് സോണിയ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

രാജ്യം ഉറ്റുനോക്കുന്ന കേസ് പരിഗണിക്കുന്ന പാട്യാല ഹൗസ് കോടതിപരിസരത്തും കോണ്‍ഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതി പരിസരം പരിശോധിച്ചു. കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം പുതുതായി 16 സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. എസ്.പി.ജിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജഡ്ജിയുമായും ചര്‍ച്ച നടത്തി. കോടതിക്കകത്തുള്ള കടകളും കേസ് പരിഗണിക്കുന്ന കോടതിയുടെ രണ്ടാം ഗേറ്റും അടച്ചിടുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: