ഒളിക്യാമറയില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ നാലു വര്‍ഷത്തെ തടവ് ശിക്ഷ

ലണ്ടന്‍: കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലും ഒളിക്യാമറ സ്ഥാപിച്ച് 3000 ല്‍ അധികം പേരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ. മലയാളിയായ ജോര്‍ജ് തോമസ് എന്നയാള്‍ക്കാണ് കോടതി നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇയാളില്‍നിന്നും 650 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറാ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ ഡെപ്റ്റഫോര്‍ഡിലാണ് പ്രതി താമസിച്ചിരുന്നത്. ഒളിക്യാമറയില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇയാള്‍ അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ലണ്ടനിലെ ഒരു പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ മാനേജരായി ജോലിനോക്കിയിരുന്ന ജോര്‍ജ് തോമസ് 2009 മുതല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മെട്രോപോളിറ്റന്‍ പോലീസ് പറയുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയുമെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ പകര്‍ത്തിയിരുന്നു.

ഒളിക്യാമറകളുമായി നഗരം ചുറ്റിയിരുന്ന ജോര്‍ജ് നഗരത്തിലെ പ്രമുഖ കോഫി ഷോപ്പുകളുടെ ടോയ്‌ലറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ വസ്ത്രം മാറുന്ന മുറികളിലുമെല്ലാം ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിപ്പോന്നിരുന്നു. ഇയാള്‍ സ്വന്തം ഓഫീസിലെ ടോയ്‌ലറ്റിലും ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ജോര്‍ജിന്റെ ഓഫീസിലെ ഷവറില്‍നിന്നും സഹപ്രവര്‍ത്തകര്‍ ക്യാമറ കണ്ടെത്തിയതോടെയാണ് സംഭവം പുറത്താകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോര്‍ജ് പിടിയിലാവുകയും തുടര്‍ന്ന് ഇയാളുടെ വീട്ടില്‍നിന്ന് നിരവധി ഹാര്‍ഡ് ഡ്രൈവുകളും കമ്പ്യൂട്ടറുകളും ചെറു ക്യാമറകളും കണ്ടെത്തുകയുമായിരുന്നു. ഇതില്‍നിന്നാണ് കോഫി ഷോപ്പുകള്‍ അടക്കമുള്ള വിവിധ സ്ഥാപനങ്ങളില്‍ പ്രതി ക്യാമറ സ്ഥാപിച്ചിരിക്കുന്നതായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

Share this news

Leave a Reply

%d bloggers like this: